കെഎം മാണിയുടെ സ്‌മാരകത്തിന് തുക അനുവദിച്ചത് രാഷ്‌ട്രീയ മാന്യത: തോമസ് ഐസക്ക് - തോമസ് ഐസക്ക്
കെ.എം മാണി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ നേതാവായിരുന്നു എന്നത് നിഷേധിക്കാനാവില്ലെന്നും ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ:കെ.എം മാണിയുടെ സ്‌മാരകത്തിന് തുക അനുവദിച്ചത് രാഷ്‌ട്രീയ മാന്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നമുക്ക് രാഷ്‌ട്രീയ വിമർശനങ്ങളുണ്ടാവും. രൂക്ഷമായ വിയോജിപ്പുകളുണ്ടാവും. സിപിഎമ്മിന് കെ.എം മാണിയോട് യോജിപ്പില്ല. എന്നാൽ അദ്ദേഹത്തെ ആദരിക്കുന്ന വിഭാഗം സമൂഹത്തിലുണ്ട്. കെ.എം മാണി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ നേതാവായിരുന്നു എന്നത് നിഷേധിക്കാനാവില്ല. കെ.എം മാണിയുടെ സ്‌മാരകത്തിന് തുക വകയിരുത്തിയത് രാഷ്‌ട്രീയ മാന്യതയാണെന്നും വിമർശനങ്ങളുണ്ടെങ്കിൽ ഉൾക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.