ആലപ്പുഴ: ദേശീയ ജനസംഖ്യാ രജിസ്‌റ്റർ തയ്യാറാക്കാനുള്ള എന്യൂമറേഷൻ കേരളം നടത്തില്ലെന്നത് മനസിൽ വച്ചുവേണം അധ്യാപകർ സെൻസസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്‍റെ പ്രതികരണശേഷി ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ട്. സെൻസസിൽ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രം എടുത്താൽ മതി. അന്തേവാസികളുടെ വയസ്, പേര് എന്നിവയെടുക്കുന്നതിൽ തെറ്റില്ല. ഇവയെല്ലാം ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്‍റെ ഭാഗമല്ല. സെൻസസിന്‍റെ ഭാഗമാണ്. ആ വിവരങ്ങൾ മാത്രം എടുക്കുന്ന സെൻസസ് പ്രവർത്തനമാണ് നടത്തേണ്ടത്.
സെൻസസ് പ്രവർത്തനങ്ങൾ ശ്രദ്ധയോടെ വേണമെന്ന് മുഖ്യമന്ത്രി
നാടിന്‍റെ പ്രതികരണശേഷി ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നല്ല പ്രതികരണശേഷിയുള്ള നാടാണ്. യുവാക്കളാണ് വലിയ തോതിൽ പ്രതികരിക്കാറുള്ളത്. ഇതിന് മാറ്റമുണ്ടാക്കാൻ ഏതോ തലത്തിലുള്ള ഗൂഢാലോചന നടക്കുന്നു. വലിയ തോതിൽ ലഹരിക്ക് അടിപ്പെടുന്ന അവസ്ഥയുണ്ട് സമൂഹത്തിൽ. വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്ന് വ്യാപാരം നടക്കുന്നു. നിഷ്‌കളങ്കരായ വിദ്യാർഥികളെ ചതിക്കുഴിയിൽ വീഴ്‌ത്താനുള്ള ശ്രമവുമുണ്ട്. ഇന്‍റർനെറ്റ്, മൊബൈൽഫോൺ ഉപയോഗം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും അത് പൂർണമായി ഇല്ലാതാക്കാനാകില്ലെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.