ആലപ്പുഴ:കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ആലപ്പുഴയിലെത്തി. രാവിലെ 11 മണിയോടെയാണ് വിജയ യാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. സംസ്ഥാന സെക്രട്ടറി അഡ്വ. വി സുരേഷ്, ജില്ലാ പ്രസിഡന്‍റ് എം.വി ഗോപകുമാർ, ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ എന്നിവരുള്‍പ്പെട്ട സംഘം ജാഥയെ സ്വീകരിച്ചു. നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ യാത്രയ്‌ക്ക് തുറവൂരിലാണ് ആദ്യ സ്വീകരണം ഒരുക്കിയത്.
ബിജെപിയുടെ വിജയയാത്ര ആലപ്പുഴയില്‍; ആദ്യ സ്വീകരണം തുറവൂരില്‍ - vijaya yatra
രാവിലെ 11 മണിയോടെയാണ് വിജയ യാത്ര ആലപ്പുഴയിലെത്തിയത്. തുറവൂരിലാണ് ആദ്യ സ്വീകരണം ഒരുക്കിയത്.
തുറവൂർ ജങ്ഷനില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കർഷക മോർച്ച സംസ്ഥാന പ്രസിഡന്‍റ് ജയ സൂര്യൻ ഉദ്ഘാടനം ചെയ്‌തു. അരൂർ മണ്ഡലം പ്രസിഡന്‍റ് തിരുനല്ലൂർ ബൈജു അധ്യക്ഷനായി. ചേർത്തല മണ്ഡലം പ്രസിഡന്‍റ് അഭിലാഷ് മാപ്പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ജി. രാമൻ നായർ, ജനറൽ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. നിവേദിത, പി.എം വേലായുധൻ, കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ, എം.വി ഗോപകുമാർ, തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.
സമസ്‌ത മേഖലകളിലും വിനാശകരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും എല്ലാവരും ചേർന്ന് ഒന്നാഞ്ഞു തള്ളിയാൽ സർക്കാരിനെ അറബിക്കടലിൽ താഴ്ത്താൻ കഴിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.