മാധ്യമ പ്രവർത്തകർക്കെതിരെ കെ സുരേന്ദ്രന്‍റെ കയ്യേറ്റശ്രമം; പ്രതിഷേധം ശക്തം - Alappuzha
മാധ്യമപ്രവർത്തകരെ പൊതുവേദിയിൽ അവഹേളിച്ച നടപടി തിരുത്താൻ സുരേന്ദ്രൻ തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി
ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃയോഗത്തിനിടെ മാധ്യമപ്രവർത്തകർക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ കയ്യേറ്റശ്രമം. ന്യൂസ് 18 റിപ്പോർട്ടർ വി.വി. വിനോദ്, ക്യാമറാമാൻ പി.കെ. പ്രശാന്ത് എന്നിവർക്ക് നേരെയാണ് കൈയേറ്റമുണ്ടായത്.
സംസ്ഥാന നേതൃയോഗം കഴിഞ്ഞ ഉടൻ യാതൊരുവിധ പ്രകോപനവും ഇല്ലാതെ മാധ്യമപ്രവർത്തകർക്ക് നേരെ കയര്‍ത്ത് കൊണ്ട് കെ. സുരേന്ദ്രൻ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
തങ്ങൾ വിചാരിച്ചാൽ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും മര്യാദക്ക് അല്ലെങ്കിൽ തെരുവിൽ നേരിടാൻ ബിജെപി പ്രവർത്തകർ പുറത്തുണ്ടെന്നും സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. മാധ്യമപ്രവർത്തകരെ പൊതുവേദിയിൽ അവഹേളിച്ച നടപടി തിരുത്താൻ സുരേന്ദ്രൻ തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.