ചുനക്കരയിൽ 'ഒരു നെല്ലും ഒരു മീനും' പദ്ധതിക്ക് തുടക്കം - Integrated farming method
കോമൺ കാർപ്, രോഹു, ഗ്രാസ് കാർപ് എന്നീ ഇനങ്ങളിൽപ്പെട്ട അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പാടത്ത് തയാറാക്കിയ നഴ്‌സറി കുളത്തിൽ നിക്ഷേപിച്ചു
ആലപ്പുഴ: സംയോജിത കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന 'ഒരു നെല്ലും ഒരു മീനും' പദ്ധതിക്ക് ചുനക്കര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് പുലരി പദ്ധതി ഉദ്ഘാടനം ചെയ്‌തു. പദ്ധതി പ്രകാരം കോമല്ലൂർ പാടത്ത് തയാറാക്കിയ കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് പ്രോജക്ട് കോർഡിനേറ്റർ സുഗന്ധി പദ്ധതി വിശദീകരിച്ചു. കോമൺ കാർപ്, രോഹു, ഗ്രാസ് കാർപ് എന്നീ ഇനങ്ങളിൽപ്പെട്ട അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് കൊയ്ത്തിന് ശേഷം പാടത്ത് തയാറാക്കിയ നഴ്‌സറി കുളത്തിൽ നിക്ഷേപിച്ചത്. ജൂൺ മാസത്തിൽ പാടത്ത് വെള്ളം നിറയുമ്പോൾ മത്സ്യ കുഞ്ഞുങ്ങളെ പാടത്തേക്ക് തുറന്നു വിടും. ഒരു ഹെക്ടറിൽ നിന്നും കുറഞ്ഞത് 4000 കിലോ മത്സ്യ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.