കേരളം

kerala

ETV Bharat / state

കുട്ടനാട്ടിൽ പലയിടത്തും മടവീഴ്ച്ച; വെള്ളക്കെട്ടിലായവരെ ഒഴിപ്പിച്ചു - in Kuttanad evacuated people who were submerged water

ജലഗതാഗതവകുപ്പിന്‍റെ രണ്ട് ബോട്ടുകളും മൂന്ന് വാട്ടർ ആംബുലൻസും രണ്ട് ഫയർ ആൻഡ് റസ്‌ക്യൂ ബോട്ടുകളും രാവിലെ ആറ് മണിക്ക് തന്നെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിരുന്നു.

കുട്ടനാട്

By

Published : Aug 11, 2019, 11:30 PM IST

Updated : Aug 11, 2019, 11:44 PM IST

ആലപ്പുഴ: കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതോടെ പലയിടത്തും മടവീഴ്ച്ചയുണ്ടായി. 125ഓളം കുടുംബങ്ങളെയാണ് നിലവിൽ മാറ്റുന്നത്. മടവീഴ്‌ചയുണ്ടായ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയായിരുന്നു. ജലഗതാഗതവകുപ്പിന്‍റെ രണ്ട് ബോട്ടുകളും മൂന്ന് വാട്ടർ ആംബുലൻസും രണ്ട് ഫയർ ആൻഡ് റസ്‌ക്യൂ ബോട്ടുകളും രാവിലെ ആറ് മണിക്ക് തന്നെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ, ജലഗതാഗത വകുപ്പ്, കെഎസ്ആർടിസി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിച്ച്, കൈനകരിയിൽ നിന്ന് ഒഴിപ്പിച്ച് മാതാജെട്ടിയിലെത്തിക്കുന്നവരെ ആലപ്പുഴ എസ്‌ഡിവിജെബി സ്‌കൂളിലേക്ക് മാറ്റി. ജില്ലാകലക്‌ടർ ഡോ.അദീല അബ്ദുള്ള, സബ്‌കലക്‌ടർ വി ആർ കൃഷ്‌ണതേജ എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി. ജില്ലാ കലക്‌ടർ രാവിലെ തന്നെ കൈനകരിയിലെ മടവീണ പ്രദേശങ്ങളും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളും നേരിട്ടെത്തി വിലയിരുത്തി. ക്യാമ്പിലെത്തുന്നവർക്ക് ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അമ്പലപ്പുഴ തഹസീൽദാരെ ചുമതലപ്പെടുത്തി.

കുട്ടനാട്ടിൽ പലയിടത്തും മടവീഴ്ച്ച; വെള്ളക്കെട്ടിലായവരെ ഒഴിപ്പിച്ചു

ആലപ്പുഴയിൽ വൈകുന്നേരം ആറ് മണി വരെ 54 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 28 ക്യാമ്പുകളാണ് ചെങ്ങന്നൂർ താലൂക്കിലുള്ളത്. കുട്ടനാട് -3, കാർത്തികപ്പള്ളി 7, മാവേലിക്കര 9, ചേർത്തല 5, അമ്പലപ്പുഴ 2, എന്നീ നിലയിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി 5854 ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ രജിസ്റ്റർ ചെയ്യപ്പെടാത്ത ആളുകളും വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിവിധ സന്നദ്ധ സേവന സംഘടനകളും യുവാക്കളും കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നതും ഉത്തരവാദിത്വബോധത്തോടെ ഇടപെടുന്നതും ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിച്ച് കൊണ്ടുപോകാൻ കഴിയുന്നുണ്ട് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ജനപ്രതിനിധികളും പറയുന്നു.

Last Updated : Aug 11, 2019, 11:44 PM IST

ABOUT THE AUTHOR

...view details