ആലപ്പുഴ :സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ മുറവിളി. പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നതിന്‍റെ പേരിലാണ് ഇപ്പോൾ ഫേസ്ബുക്ക് ഉൾപ്പടെയുള്ളവയില്‍ പ്രവർത്തകർ ശബ്ദമുയര്‍ത്തുന്നത്. 'ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിൽ ഇല്ല, പക്ഷേ ജനഹൃദയങ്ങളിലുണ്ട്' എന്ന മുദ്രാവാക്യമടക്കമാണ് പോസ്റ്റ് ചെയ്യുന്നത്.
പി ജയരാജനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റ് ജയരാജന് വേണ്ടിയുള്ള വാഴ്ത്ത് പാട്ടുകളും പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടു. ഇതേത്തുടർന്നാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പി ജയരാജനുവേണ്ടിയുള്ള സിപിഎം പ്രവര്‍ത്തകരുടെ വാഴ്‌ത്ത് വീഡിയോകള്‍ ALSO READ:മുസ്‌ലിം ലീഗിൽ മുന്നണി മാറ്റത്തെപ്പറ്റി ചർച്ച നടന്നിട്ടില്ല: പി.എം.എ സലാം
പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടപെടേണ്ടതിനെ സംബന്ധിച്ച് സിപിഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ സർക്കുലറുകൾ നിലനിൽക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിരന്തരം പോസ്റ്റുകൾ ഇടുന്ന 'പി ജെ ആർമി' ഉൾപ്പടെയുള്ള ഫേസ്ബുക്ക് പേജുകൾക്കും ഗ്രൂപ്പുകൾക്കും പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 44,000 അംഗങ്ങളുള്ള 'റെഡ് ആർമി ഒഫിഷ്യൽ' എന്ന ഗ്രൂപ്പിലും ജയരാജന് വേണ്ടി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.
പി ജയരാജനെ അനുകൂലിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റര്‍ നേരത്തെ പി ജയരാജനെ ബിംബവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ചിരുന്നു. ഇതിനുശേഷവും പ്രവർത്തകര്‍ പി ജയരാജനുവേണ്ടി വാഴ്‌ത്തുക്കളുമായി എത്തിയിരുന്നു. ഒടുവിൽ പി ജയരാജൻ തന്നെ ഇടപെട്ടാണ് ഇതിന് അറുതി വരുത്തിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജയരാജന് വേണ്ടിയുള്ള മുറവിളികൾ വിഭാഗീയ പ്രവർത്തനമായാണ് പാർട്ടി വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ഇത് പാർട്ടിക്കുള്ളിൽ സജീവ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്.