ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സ് വച്ചതിനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആർക്കും റോഡുകളിൽ ഫ്ലക്സ് വെയ്ക്കാം എന്നാൽ ജനഹൃദയങ്ങളിൽ ഫ്ലക്സ് വെക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലാണ് കെസി വേണുഗോപാലിനെയും മറ്റ് കോൺഗ്രസ്- ബിജെപി നേതാക്കളെയും സംബന്ധിച്ച് മന്ത്രിയുടെ പരാമർശം.
ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്‍റെയും കെസി വേണുഗോപാലിന്‍റെയും ചിത്രങ്ങളുമായി കോൺഗ്രസ് - ബിജെപി പ്രവർത്തകർ നഗരത്തിലുടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു മന്ത്രിയുടെ വിമർശനം.
ആലപ്പുഴ എംഎൽഎയായ ധനമന്ത്രി തോമസ് ഐസക്കോ അമ്പലപ്പുഴ എംഎൽഎയോ താനോ പൈസ മുടക്കി ഒരു ഫ്ലക്സ് ബോർഡോ പ്രചരണബോർഡോ സ്ഥാപിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സർക്കാരും ജനങ്ങളുമാണ് ഫ്‌ളക്‌സ് വെച്ചത്. മരത്തിനു മുകളിൽ ഫ്ലക്സ് വെയ്ക്കുന്നതിൽ അല്ല ജനഹൃദയങ്ങളിൽ ഇടം നേടുന്നതിലാണ് കാര്യമെന്നും ജി സുധാകരൻ പറഞ്ഞു.
ബൈപാസ് നിർമാണം പൂർത്തീകരിച്ച ശേഷം ഉദ്ഘാടനത്തിനായി രണ്ടുമാസമാണ് നേതാക്കളുടെയും കേന്ദ്രത്തിന്‍റെയും അനുമതിയ്ക്ക് വേണ്ടി കാത്തിരുന്നതെന്നും മന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ പാർട്ടിക്കാർ തന്നെ ഭരിച്ചിട്ടും ബൈപ്പാസ് എന്ത് കൊണ്ട് പൂർത്തിയായില്ല എന്നാണ് വിമർശകർ പരിശോധിക്കേണ്ടത്. ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും വേറെ പാർട്ടികൾ ആയിട്ട് കൂടി പിണറായി വിജയൻ സർക്കാരിന്‍റെ ആർജ്ജവത്തിൽ ബൈപ്പാസ് പൂർത്തിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.