കേരളം

kerala

ETV Bharat / state

തീരപ്രദേശങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ - g sudhakaran

കടലാക്രമണം രൂക്ഷമായ ആലപ്പുഴയിലെ 21 പ്രദേശങ്ങളിലെ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചു.

മന്ത്രി ജി സുധാകരന്‍

By

Published : Jun 15, 2019, 11:17 PM IST

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ ക്ഷോഭവും നാശനഷ്ടവും നേരിടുന്ന ആലപ്പുഴയിലെ തീരപ്രദേശങ്ങളെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി ജി സുധാകരന്‍. അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, കെ കൃഷ്ണന്‍കുട്ടി, പി തിലോത്തമന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, നിയുക്ത എംപി അഡ്വ. എ എംആരിഫ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനായി അടിയന്തര പ്രവൃത്തികള്‍ നടപ്പിലാക്കുന്ന പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ, പാനൂര്‍, കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വണ്ടാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളജ് ജംഗ്ഷന്‍, ഒറ്റമശ്ശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങള്‍ക്ക് അഞ്ച് കോടി രൂപ അടിയന്തരമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ആവശ്യമായ ജിയോ ബാഗുകള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രദേശവാസികളുടെ കൂടി തൊഴില്‍ പങ്കാളിത്തത്തോടെ രൂക്ഷമായ കടലാക്രമണ ബാധിത പ്രദേശത്ത് ഉടനടി ജിയോ ബാഗുകള്‍ വിന്യസിക്കും. ഈ കാര്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരംഭിച്ച് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.


പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സ്ഥലത്തെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായുള്ള ഫ്‌ളാറ്റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി 85 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. താത്കാലികമായി പലഭാഗങ്ങളിലും കല്ലിട്ടെങ്കിലും കടലാക്രമണത്തിന് ശാശ്വത പരിഹാരം ആയിട്ടില്ല.

ABOUT THE AUTHOR

...view details