ആലപ്പുഴ: ദേശീയപാതകളെക്കാൾ മികച്ച നിലവാരത്തിലാണ് ഗ്രാമീണമേഖലയിലെ റോഡുകളെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ ഗ്രാമങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും എവിടെയും നിർമ്മിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനാൽ യോഗങ്ങൾ ഒഴിവാക്കി നാട മുറിച്ചും ശിലാഫലകങ്ങൾ അനാച്ഛാദനം ചെയ്തും മാത്രമാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച പത്ത് ഗ്രാമീണ റോഡുകളാണ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചത്.
ഗ്രാമീണ റോഡുകൾ ദേശീയപാതകളെക്കാൾ മികച്ചതെന്ന് ജി സുധാകരൻ - alp[puzha
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച പത്ത് ഗ്രാമീണ റോഡുകള്‍ മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു
296 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ആനന്ദേശ്വരം - ഇല്ലിച്ചിറ റോഡ്, 138 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച തോട്ടപ്പള്ളി - ചാലേതോപ്പ് റോഡ് എന്നിവയാണ് ഇവയിൽ ഏറ്റവും അധികം തുക ചെലവാക്കി നിർമ്മിച്ചവ. ബഡ്ജറ്റിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടിന്‍റെ തുകയും ചെലവഴിച്ചു ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിൽ ആധുനിക നിലവാരത്തിലാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ , അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം ജുനൈദ് തുടങ്ങിയവർ സന്നിഹിതരായി.