ആലപ്പുഴ:അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സി.പി.എമ്മിന്‍റെ രണ്ടംഗ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ജെ തോമസും എളമരം കരീമും സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.
പരാതിക്കാരിൽ നിന്നും വിവരം ശേഖരിക്കും
മുൻ മന്ത്രി ജി സുധാകരനും ജില്ല കമ്മിറ്റി ഓഫിസിലെത്തി. ജി. സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ തെളിവ് ശേഖരിക്കാനാണ് കമ്മിഷൻ തീരുമാനം. പരാതിക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നാളെ നടത്താൻ തീരുമാനിച്ച തെളിവെടുപ്പ് നേരത്തെയാക്കുകയായിരുന്നു.
അന്വേഷണം വ്യക്തിപരമല്ലെന്ന് നേതൃത്വം
ജില്ലയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റിയാണ് രണ്ടംഗം കമ്മിഷനെ നിയോഗിച്ചത്. അമ്പലപ്പുഴയിൽ സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്നായിരുന്നു പ്രധാന വിമർശനം. അന്വേഷണം വ്യക്തിപരമല്ലെന്ന് നേതൃത്വം പറയുമ്പോഴും പരാതികൾ ജി സുധാകരനെതിരെ മാത്രമാണ്.
കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയിലും ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. കമ്മിഷന്‍റെ ആവശ്യപ്രകാരം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തെളിവെടുപ്പിന് ഹാജരായി.
ALSO READ:എറണാകുളത്തെ സ്ത്രീധന പീഡനം; പൊലീസിനെ വിമർശിച്ച് വനിത കമ്മിഷൻ