ആലപ്പുഴ:കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രായമായവരെയും കിടപ്പുരോഗികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിതാ കുമാരി അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രായമായവരും കുട്ടികളും കിടപ്പുരോഗികളും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമുളളവര്‍ വീടിനു പുറത്തു പോകരുത്. കടകളില്‍ പോവുകയോ ചടങ്ങുകളില്‍ സംബന്ധിക്കുകയോ ചെയ്യരുത്. വീട്ടില്‍ കിടപ്പുരോഗികള്‍ ഉണ്ടെങ്കില്‍ അവരെ പരിചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടക്കം കൂടാതെ കൃത്യസമയത്ത് കഴിക്കുന്നു എന്ന് ഉറപ്പുവരുത്തണം. പോഷക സമൃദ്ധമായ ആഹാരം നല്‍കണം. ഇവരെ പരിചരിക്കുന്നവരും വീടിനു പുറത്തു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളോ പനിയോ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. വീട്ടിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന പനി, ജലദോഷം എന്നിവ ഒരിക്കലും നിസാരമായി കാണരുത്. സ്വയം ചികിത്സിക്കാതെ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും പ്രത്യേകം കഴുകി ഉപയോഗിക്കണം.
വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. വീടിനകത്തും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വീടിനു പുറത്തു പോയിവരുന്നവര്‍ വസ്ത്രങ്ങള്‍ മാറ്റികുളിച്ചതിനു ശേഷം മാത്രം വീട്ടുകാരോട് ഇടപഴകണം. പുറത്തു പോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകിവൃത്തിയാക്കുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.