ആലപ്പുഴ : മനസ്സുകളിൽ നന്മയുടെ വെളിച്ചവുമായി ദീപാവലി ആഘോഷിക്കുകയാണ് ആലപ്പുഴയിലെ ഗുജറാത്തി സമൂഹം. തനിമ ഒട്ടു ചോരാതെയാണ് ഇവരുടെ ദീപാവലി ആഘോഷം. പുതിയ സാമ്പത്തിക വർഷം തുടങ്ങാനുള്ള ദിവസമാണ് ഗുജറാത്തികൾക്ക് ദീപാവലി. പടക്കത്തിനും ചിരാതുകളുടെ വെളിച്ചത്തിനുമപ്പുറം മധുരമുള്ള പല കാര്യങ്ങളും പറയാനുണ്ട് ആലപ്പുഴയിലെ ചെറുതെങ്കിലും സജീവമായ ഉത്തരേന്ത്യൻ സമൂഹങ്ങൾക്ക്.
ദീപാവലി ആഘോഷിച്ച് ആലപ്പുഴയിലെ ഗുജറാത്തി സമൂഹം ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്ന് വ്യവസായവുമായി ആലപ്പുഴയിലെത്തിയതാണു ജൈനന്മാർ. ഒരുകാലത്തു ഗുജറാത്തി തെരുവിൽ തിരക്കേറിയ വ്യവസായി സമൂഹമായിരുന്ന ഗുജറാത്തികൾ . ഇന്ന് നാൽപതോളം കുടുംബങ്ങളിലായി ഇരുന്നൂറിൽത്താഴെ ആളുകൾ മാത്രമുള്ള ചെറു സമൂഹമായി മാറി .ജൈനരുടെ ഇരുപത്തിനാലാം തീർഥങ്കരനായ മഹാവീരന്‍റെ സമാധി ദിവസമാണ് ദീപാവലി.
വിക്രമാദിത്യ ചക്രവർത്തി തന്‍റെ കണക്കുകൾ അവസാനിപ്പിച്ചിരുന്നത് അശ്വിനി മാസത്തിന്‍റെ അവസാന ദിവസമായ ദീപാവലി നാളിലാണ്. ഗണപതി പൂജ, സരസ്വതി പൂജ, ലക്ഷ്മീ പൂജ എന്നിവയാണു ദീപവലിയുടെ ഭാഗമായി നടത്തുന്നത്. ഇതില്‍ പ്രധാനം ലക്ഷ്മീ പൂജയാണ്. ഇതോടൊപ്പം വെള്ളം, പാല്, ചന്ദനം തുടങ്ങിയവ ഉപയോഗിച്ചുള്ള അഷ്ടപൂജയും നടക്കും. ഇപ്പോൾ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നു മുതൽ ആയതിനാൽ ഗുജറാത്തി സമൂഹം ദീപാവലി നാളിൽ പുതിയ കണക്കു പുസ്തകം പൂജിച്ച് അടുത്ത ഏപ്രിൽ ഒന്നു വരെ സൂക്ഷിച്ചുവെക്കും.
രാജാ കേശവദാസന്‍റെ കാലം മുതലാണു കേരളത്തിലെ ഗുജറാത്തികൾക്ക് അംഗീകാരം കിട്ടിയതെങ്കിലും ആയിരം വർഷം മുൻപു തന്നെ ഗുജറാത്തികൾ കേരളത്തിലുണ്ട്. മലയാളികളുടെ ഓണവും വിഷുവുമെല്ലാം ഈ സമൂഹം ആഘോഷിക്കുന്നുമുണ്ട്. മധുരപലഹാരങ്ങളാണ് വിശേഷാവസരങ്ങളില്‍ പ്രധാനം. വിശേഷ ചടങ്ങുകളിൽ പൂജയ്ക്കായി ശർക്കരയും മല്ലിയും ചേർത്തുണ്ടാക്കുന്ന ഗോഡ്ധാണ എന്ന പലഹാരം തയാറാക്കും. ഗുജറാത്തി ബ്രാഹ്മിണ, വൈശ്യ സമൂഹത്തോടൊപ്പം തന്നെ മുസ്‌ലിം മതവിശ്വാസികളായ 'സേട്ടുമാർ' എന്നറിയപ്പെടുന്ന കച്ചി, മേമൻ, ഹലായി സമൂഹങ്ങളും ആലപ്പുഴയിലുണ്ട്. തനിമയൊട്ടും ചോരാതെ തങ്ങളുടെ ആഘോഷങ്ങൾ അതേപടി കൊണ്ടാടാനുള്ള ശ്രമത്തിലാണ് ഗുജറാത്തി സമൂഹത്തിലെ പുതുതലമുറ.