ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്
പൊലീസ് സ്റ്റേഷൻ താൽകാലികമായി അടച്ചിട്ടേക്കും
ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ജനമൈത്രി പൊലീസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് രോഗബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചതിനാൽ മറ്റു പൊലീസുകാരുടെ അടിയന്തര പരിശോധന നടത്തുമെന്നും സ്റ്റേഷൻ അടയ്ക്കുന്നത് അടക്കം കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പൊലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായി ഈ പൊലീസുകാരൻ പോയ ഇടങ്ങളിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ജില്ലയിലെ പൊലീസ് സേനാംഗത്തിന് കൊവിഡ് രോഗബാധയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പാലിക്കാനാണ് ജില്ലാ പൊലീസ് മേധാവി നൽകിയ നിർദ്ദേശം.