കേരളം

kerala

ETV Bharat / state

മഹേശന്‍റെ മരണം; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം - എസ്എൻഡിപി യോഗം

ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇരുവർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കോടതി നിർദ്ദേശിച്ചത്.

വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ്  case against Vellappally  Court directed investigation against vellappally  എസ്എൻഡിപി യോഗം  SNDP General Secretary
മഹേശന്‍റെ മരണം; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

By

Published : Dec 21, 2020, 4:37 PM IST

ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശൻ്റെ ആത്മഹത്യ കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗം വൈസ് പ്രസിഡന്‍റുമായ തുഷാർ വെള്ളാപ്പള്ളിയ്ക്കുമെതിരെ അന്വേഷണത്തിന് കോടതി നിർദ്ദേശം. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇരുവർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കോടതി നിർദ്ദേശിച്ചത്. തുഷാറിന്‍റെ സഹായിയും എസ്എൻഡിപി നേതാവുമായ കെഎൽ അശോകനെ കൂട്ടുപ്രതിയാക്കണമെന്നും കോടതി നിർദേശിച്ചു. മഹേശൻ്റെ ഭാര്യ ഉഷാ ദേവി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

ജൂൺ 24-നാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശനെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പൊലീസ് അന്ന് കേസെടുത്തിരുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷൻ എന്ന നിലയിൽ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം സർക്കിൾ ഇൻസ്പെക്ടർക്കാണ് വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കക്കണമെന്നാവശ്യപ്പെട്ടാണ് ഉഷാ ദേവി ഹർജി സമർപ്പിച്ചത്.

മരണത്തിന് തൊട്ടുമുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത 32 പേജുള്ള കത്തിലും മഹേശൻ്റെ ലെറ്റർഹെഡിൽ കണ്ടെത്തിയ നാല് പേജുള്ള കത്തിലും വെള്ളാപ്പള്ളിയുടേയും മാനേജർ അശോകന്‍റെയും തുഷാറിൻ്റെയും പേരുകൾ പരാമർശിച്ചിരുന്നു. എന്നാൽ മാരാരിക്കുളം പൊലീസിൻ്റെ അന്വേഷണത്തിൽ തൃപ്തികരമല്ലാതിരുന്ന കുടുംബം പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് അന്വേഷണം മധ്യമേഖലാ ഐജി ഹർഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു. ഇതിനിടയിലാണ് കോടതിയുടെ പുതിയ നിർദ്ദേശം വന്നത്.

ABOUT THE AUTHOR

...view details