ആലപ്പുഴ:റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കൾ സിപിഎം ഓഫീസിൽ ശേഖരിച്ച് വിതരണം ചെയ്യുന്നതായി പരാതി. എൽഡിഎഫ് ഭരിക്കുന്ന മുട്ടാർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് സംഭവം. മിത്രങ്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ഓഫിസിലാണ് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്തിരുന്നത്. പ്രളയ ബാധിതർക്ക് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് പാർട്ടി പതാകയും സ്ഥാപിച്ച് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെയുള്ളവർ വിതരണം ചെയ്തിരുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
ALSO READ:മുഖ്യമന്ത്രി സ്തുതിപാഠകരുടെ പിടിയിൽ; മോദിക്കും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷനേതാവ്
അതേസമയം പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നെന്നും സിപിഎം ഓഫിസിൽ മാത്രമാണ് വെള്ളം കേറാതെ ഉണ്ടായിരുന്നതെന്നും അതിനാൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് ക്യാമ്പ് കൺവീനറുടെ നിർദേശപ്രകാരം സിപിഎം ഓഫിസ് തെരഞ്ഞെടുത്തതെന്നുമാണ് സംഭവത്തിൽ വില്ലേജ് ഓഫിസറുടെ വിശദീകരണം. സംഭവം വിവാദമായതോടെ ഭക്ഷ്യവസ്തുക്കൾ അവിടെ നിന്ന് മാറ്റുവാനും അതുവരെ ഓഫിസ് താൽക്കാലികമായി അടച്ചിടുവാനും വില്ലേജ് ഓഫിസർ റവന്യു വകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കൾ പാർട്ടി ലേബലിൽ സിപിഎം ഓഫിസിൽ നിന്ന് വിതരണം ചെയ്യുന്നതായി പരാതി സർക്കാർ സംവിധാനങ്ങൾ വഴി ദുരിതബാധിതർക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കൾ രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ അവരുടെ കൊടിവെച്ച പാർട്ടി ഓഫിസ് വഴി വിതരണം ചെയ്തതിനാൽ അവ കൈപ്പറ്റേണ്ടെന്നാണ് മറ്റ് പല രാഷ്ട്രീയ പാർട്ടികളുടെയും തീരുമാനം. സംഭവത്തിൽ ഉണ്ടായിരിക്കുന്ന ഗുരുതര വീഴ്‌ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കലക്ടർക്കും റവന്യു ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.