ആലപ്പുഴ:ഓരോ ആഘോഷങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന സന്ദേശങ്ങളാവണമെന്ന ചിന്തയിൽ നിന്നാണ് ആലപ്പുഴയിൽ വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീ ഒരുങ്ങിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാവട്ടെ ആലപ്പുഴയിലെ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരും. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പാഴ്‌വസ്തുക്കൾ കൊണ്ട് ഒരുഗ്രൻ ക്രിസ്മസ് ട്രീ ഒരുക്കിയത്. ടയറും കുപ്പിയും മുതൽ കൈതച്ചക്കയുടെ അവശിഷ്ടങ്ങൾ വരെ ക്രിസ്‌മസ് ട്രീയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവ ആകർഷകമായ നിറത്തിലും രൂപത്തിലും ഒരുക്കിയതോടെ ക്രിസ്‌മസ് ട്രീയുടെ പകിട്ടേറി. ഇതെല്ലാം ജീവനക്കാർ തന്നെ ശേഖരിച്ച് രൂപമാറ്റം വരുത്തിയതാണ്. ഇവയെല്ലാം വർണ്ണക്കടലാസുകളും കയർ നാരുകളും കൊണ്ട് അലങ്കരിച്ചു. പിന്നീട് അവ ട്രീയിൽ ഉള്‍പ്പെടുത്തിയെന്ന് ക്രിസ്‌മസ് ട്രീ ഒരുക്കിയതിന് നേതൃത്വം നൽകിയ ശ്രീകല പറയുന്നു.
നിരത്തിൽ വലിച്ചെറിഞ്ഞ കുപ്പികൾ ഉദ്യോഗസ്ഥർ ശേഖരിച്ച് അവയ്ക്ക് പല നിറങ്ങൾ നൽകി ഭംഗിയാക്കി. ആഘോഷങ്ങളുടെ വിവിധ രൂപങ്ങൾ ഓഫീസിൽ പ്രകടമാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഓരോ മാസവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രവും ഇത്തരത്തിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റുകളുടെ മൂടിയിൽ ഭംഗിയായി ഒട്ടിച്ച് ഓഫീസിൽ വച്ചിട്ടുണ്ട്.