കേരളം

kerala

ETV Bharat / state

എതിരില്ലാതെ നടുഭാഗം ചുണ്ടന്‍; സിബിഎല്ലിലെ ഒമ്പതാം ജയം

കായംകുളത്ത് നടന്ന മത്സരത്തില്‍ 4:39 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞ് ഒന്നാമതെത്തിയപ്പോള്‍ ചമ്പക്കുളം 5:17 മിനിറ്റ് കൊണ്ടും കാരിച്ചാല്‍ 5:17 മിനിറ്റ് കൊണ്ടുമാണ് ഫിനിഷ് ചെയ്‌തത്.

നടുഭാഗം ചുണ്ടന്‍

By

Published : Nov 9, 2019, 9:43 PM IST

Updated : Nov 10, 2019, 12:18 AM IST

ആലപ്പുഴ: കായംകുളത്ത് നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ (സിബിഎല്‍) പത്താം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി. നടുഭാഗത്തിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയവും സിബിഎല്ലിലെ ഒമ്പതാം ജയവുമാണിത്. യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്), പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിങ് റോവേഴ്‌സ്) എന്നിവയെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം ജേതാക്കളായത്. ചമ്പക്കുളം രണ്ടാം സ്ഥാനത്തും കാരിച്ചാല്‍ മൂന്നാം സ്ഥാനത്തുമെത്തി. പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ മാത്രമാണ് പരാജയമറിഞ്ഞത്.

എതിരില്ലാതെ നടുഭാഗം ചുണ്ടന്‍; സിബിഎല്ലിലെ ഒമ്പതാം ജയം

നാടിന്‍റെ തന്നെ ഉത്സവമായി മാറിയ കായംകുളത്ത് ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഐപിഎല്‍ മാതൃകയിലുള്ള സിബിഎല്ലിന്‍റെ പത്താമത് മത്സരങ്ങള്‍ അരങ്ങേറിയത്. ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:26.90 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്‌സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.

സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് കായംകുളത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ യു.പ്രതിഭാ ഹരി എംഎല്‍എ അധ്യക്ഷയായിരുന്നു. എ.എം.ആരിഫ് എം.പി, സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്ടറും കെടിഡിസി എംഡിയുമായ കൃഷ്‌ണ തേജ, മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍, ജര്‍മനിയുടെ ദേശീയ ഫുട്ബോള്‍ താരം പാട്രിക് ഒവോമോയേല എന്നിവരും സന്നിഹിതരായിരുന്നു.

പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതവും ലഭിക്കും. കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

Last Updated : Nov 10, 2019, 12:18 AM IST

ABOUT THE AUTHOR

...view details