ആലപ്പുഴ: ജലോത്സവ കാലത്തിന് തുടക്കമിട്ട് പമ്പയാറ്റിൽ നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി നാളെ. മത്സരരംഗത്ത് പേര് കേട്ട ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 21 വളളങ്ങൾ മത്സരത്തില്‍ മാറ്റുരക്കും. നാളെ ഉച്ചയ്ക്ക് 2.30 ന് തുടങ്ങുന്ന മത്സരങ്ങള്‍ ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ജലോത്സവകാലത്തിന് തുടക്കമിട്ട് ചമ്പക്കുളം മൂലം വള്ളംകളി നാളെ
നാളെ ഉച്ചയ്ക്ക് 2.30 ന് തുടങ്ങുന്ന മത്സരങ്ങള്‍ ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി ക്ഷേത്രത്തിൽ നിന്നും ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ സ്മരണ പുതുക്കലാണ് മൂലം വളളംകളി. പ്രതിഷ്ഠാ വിഗ്രഹം ചമ്പക്കുളം മാപ്പിളശ്ശേരി തറവാട്ടിൽ എത്തിച്ച ശേഷം അവിടെ നിന്ന് കളിവള്ളങ്ങളുടെ അകടമ്പടിയോടെയുള്ള ഘോഷയാത്രയായാണ് അമ്പലപ്പുഴയ്ക്ക് കൊണ്ട് പോകുന്നത്.
മിഥുന മാസത്തിലെ മൂലം നാളിൽ നടത്തുന്ന ജലമേളയോടെ കേരളത്തിൽ ജലോത്സവ ആഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. ചുണ്ടൻ, ഇരുട്ടുകുത്തി, വെപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 21 വള്ളങ്ങൾ മത്സരത്തിനുണ്ടാകും. നടുഭാഗം, ചമ്പക്കുളം, കാരിച്ചാൽ, ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി, ദേവാസ് എന്നീ ചുണ്ടൻ വള്ളങ്ങളാണ് 'രാജപ്രമുഖൻ ട്രോഫി'ക്ക് വേണ്ടിയുള്ള മത്സരത്തിൽ മാറ്റുരക്കുന്നത്. മലയാള മാസം കലണ്ടർ പ്രകാരം അവസാനത്തേതും ജലോത്സവം പ്രേമികൾക്ക് വർഷത്തിലെ ആദ്യത്തേതുമാണ് ചമ്പക്കുളം മൂലം വള്ളംകളി. നാളെ വൈകുന്നേരം അഞ്ചുമണിയോടെയാവും ഫൈനൽ മത്സരങ്ങള്‍ നടക്കുക.