ആലപ്പുഴ: ഒൻപത് ചുണ്ടന്‍ വള്ളങ്ങള്‍, 12 മത്സരങ്ങള്‍, നാല് മാസം നീണ്ട പോരാട്ടം..... കേരളത്തിന്‍റെ കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ചുകൊണ്ട് കന്നി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ (സിബിഎൽ) ആദ്യ മൽസരം നാളെ ആലപ്പുഴ പുന്നമട കായലിൽ. കേരളത്തിലെ പ്രധാന വള്ളംകളികളെ കൂട്ടിയിണക്കി നാളെ മുതൽ നവംബർ 23 വരെയാണ് സിബിഎല്‍ നടക്കുക.
വള്ളംകള്ളിയുടെ പാരമ്പര്യവും പൈതൃകവും നിലനിർത്തി നൂതനവും വ്യത്യസ്തവുമായ മത്സരസ്വഭാവം പ്രോത്സാഹിപ്പിച്ചു കൊണ്ടും ചുണ്ടൻവള്ളങ്ങൾക്കായി ലീഗ് ആരംഭിക്കുന്നുവെന്ന വാർത്ത രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ ഉത്സലകാല ടൂറിസത്തിന് മാറ്റ് കൂട്ടുകയാണ് സിബിഎൽ കേരളത്തിലെ ഉത്സവകാല ടൂറിസത്തിന് മാറ്റ് കൂട്ടുകയാണ് സിബിഎൽ വഴി ലക്ഷ്യമിടുന്നത്. കായികമത്സരവും വിനോദസഞ്ചാരവും ഒന്നിക്കുന്ന സിബിഎൽ പുത്തന്‍ ടൂറിസം സീസണായിരിക്കും സൃഷ്ടിക്കുക. ഇടവപ്പാതിയുടെയും തുലാവര്‍ഷത്തിന്‍റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ജലമേളയുടെ കാഴ്ച വിരുന്നിന് സാക്ഷിയാകാൻ കഴിയും.
ആലപ്പുഴയിൽ നടക്കുന്ന പ്രശസ്തമായ നെഹ്രു ട്രോഫിയോടെ ആരംഭിച്ചു കൊല്ലം അഷ്ടമുടി കായലിൽ നടക്കുന്ന പ്രസിഡൻ്റ്സ് ട്രോഫിയോടെ ലീഗ് മത്സരങ്ങൾ അവസാനിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ചുണ്ടൻവള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്‍റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായി കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി.
ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്‍റെ മാതൃക നെഹ്‌റു അയച്ചു നൽകി. ഈ മാതൃകയാണ് വിജയികൾക്കു നൽകുന്ന നെഹ്‌റു ട്രോഫി.
നെഹ്രു ട്രോഫിക്കും പ്രസിഡന്‍റ്സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈന്‍ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട തുടങ്ങിയവയാണ് സിബിഎല്ലിലെ മത്സരങ്ങള്‍.