ആലപ്പുഴ: കൊവിഡ് മഹാമാരിക്കാലത്തും കോർപ്പറേറ്റ് പാദസേവ ചെയ്യുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. രാജ്യം അഭിമുഖീകരിക്കുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാൻ അപര്യാപ്‌തമായ ബജറ്റാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. അടുത്ത വർഷം വളർച്ച കുതിച്ചു കയറുമെന്നത് ശുദ്ധ അസംബന്ധമാണ്. കേന്ദ്ര ബജറ്റിനെ കേരള ബജറ്റുമായി താരതമ്യം ചെയ്യാനാണ് ആഗ്രഹമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കൊവിഡ് കാലത്തും കോർപ്പറേറ്റ് പാദസേവ ചെയ്യുന്ന ബജറ്റ്: തോമസ് ഐസക്ക് - കോർപ്പറേറ്റ് പാദസേവ
രാജ്യം അഭിമുഖീകരിക്കുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാൻ അപര്യാപ്‌തമായ ബജറ്റാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. സർവ്വകാല റെക്കോർഡിൽ ആണ് കേന്ദ്ര ബജറ്റിന്‍റെ കമ്മിയെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
സംസ്ഥാനം ബജറ്റിനെതിരെ ബിജെപിയും യുഡിഎഫും നടത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. സംസ്ഥാന ബജറ്റിനെതിരെയുള്ള കോൺഗ്രസ്, ബിജെപി ആരോപണങ്ങൾ കമ്മിയും കടവും എന്നായിരുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ കമ്മി കേന്ദ്രത്തിന്‍റെ കമ്മിയേക്കാൾ പകുതിയേ വരൂ എന്നും സർവ്വകാല റെക്കോർഡിൽ ആണ് കേന്ദ്ര ബജറ്റിന്‍റെ കമ്മിയെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ ചിലവ് വർധിപ്പിച്ചത് കൊണ്ടല്ല, മറിച്ച് വരുമാനം കുറഞ്ഞത് കൊണ്ടാണ് കേന്ദ്ര കമ്മി കൂടിയതെന്നും നിലവിലെ നിയമങ്ങൾ മറികടന്നാണ് വായ്പ്പ എടുക്കുന്നതെന്നും ഐസക്ക് ആരോപിച്ചു. കേന്ദ്ര ബജറ്റ് കഴിഞ്ഞു ബിജെപി അധ്യക്ഷൻ പറഞ്ഞത് ബജറ്റാനന്തര തമാശയാണെന്നും ഐസക്ക് പരിഹസിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് ദേശീയപാത വികസനത്തിന് പണം വകയിരുത്തിയിട്ടുണ്ട്. എന്നാൽ അവ ദേശീയ പാത അതോറിറ്റി വായ്‌പ എടുത്ത് മുതൽ മുടക്കുന്നതാണ്. ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതായും പെട്രോൾ ഡീസൽ വിലയെക്കുറിച്ച് ഒരു വാചകമില്ലെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.