ആലപ്പുഴ :ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം തീവ്രവാദ ശക്തികളുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് എം.ഗോപകുമാർ. പിന്നാക്ക സമുദായത്തിൽ നിന്ന് സ്വയപ്രയത്നം കൊണ്ട് ഉയർന്നുവന്ന എല്ലാവരും അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവാണ് രഞ്ജിത്ത് ശ്രീനിവാസൻ. യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഒരാളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകം എന്നതിലുപരി തീവ്രവാദികളുടെ ഗൂഢാലോചനയാണിതെന്നും നാട്ടിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തീവ്രവാദികളുടെ ഗൂഢാലോചനയെന്ന് ബിജെപി, വർഗീയ കലാപ ശ്രമമെന്ന് ഡിവൈഎഫ്ഐ രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികളുടെ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. കേസിലെ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വർഗീയ കലാപമുണ്ടാക്കാനാണ് ചിലർ ലക്ഷ്യമിടുന്നത്. പ്രതികളെ പിടികൂടിയില്ലെങ്കിൽ കേരളം കലാപഭൂമിയായി മാറുമെന്നും എം. ഗോപകുമാർ പറഞ്ഞു. ബിജെപി ജില്ല നേതാക്കൾക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ കലാപത്തിനുള്ള ആർഎസ്എസ്-എസ്‌ഡിപിഐ ശ്രമം: ഡിവൈഎഫ്ഐ
ആലപ്പുഴയിൽ ആർഎസ്എസ്-എസ്‌ഡിപിഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും വർഗീയകലാപം സൃഷ്‌ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാമെന്നുമുള്ള പദ്ധതി തിരിച്ചറിയണം. ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും വി.കെ സനോജ് പറഞ്ഞു.
വർഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണം. നാടിന്‍റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണം. സാമൂഹ്യ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർഎസ്എസ് - എസ്‌ഡിപിഐ ക്രിമിനലുകൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
Also Read: ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം