ആലപ്പുഴ: കൊവിഡ് മൂലം വിദേശത്തും അന്യ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരെ സ്വീകരിക്കാൻ കേരളം പൂർണ സജ്ജമാണെന്ന് മന്ത്രി ജി.സുധാകരൻ. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവർക്കായി ഏർപ്പെടുത്തേണ്ട നടപടികൾ സംബന്ധിച്ച് ധാരണയായതായും മന്ത്രി അറിയിച്ചു. ആലപ്പുഴ കലക്ട്രേറ്റില്‍ ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലേക്ക് മടങ്ങിയെത്തുന്നവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ചികിത്സയ്ക്കായി മെഡിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോക്കോൾ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ജില്ലതല കമ്മിറ്റിക്കും രൂപം നല്‍കി.
പ്രവാസികളെ സ്വീകരിക്കാൻ കേരളം പൂർണ സജ്ജമെന്ന് മന്ത്രി ജി. സുധാകരൻ - covid news
ആലപ്പുഴയില്‍ ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ജില്ലയിലേക്ക് മടങ്ങിയെത്തുന്നവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ചികിത്സയ്ക്കായി മെഡിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോക്കോൾ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രാഥമിക കണക്ക് പ്രകാരം വിദേശത്ത് നിന്ന് മടങ്ങുന്ന ആലപ്പുഴ ജില്ലക്കാരുടെ എണ്ണം 18,908 ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 7433 പേരും എത്തുമെന്നാണ് പ്രാഥമിക കണക്ക്. ആകെ 26,341 പേർ ജില്ലയിലേക്ക് എത്തും. ആവശ്യമെങ്കില്‍ ഇവരെ ഐസൊലേഷൻ വാർഡുകളില്‍ പ്രവേശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി നിലവിൽ 7650 ബെഡുകൾ കണ്ടെത്തിയിട്ടുണ്ട് . കൂടുതൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ എത്തിയാല്‍ 20,684 ബെഡ് ഒരുക്കാനുള്ള കെട്ടിടങ്ങളും ഹാളുകളും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നല്‍കി. ജില്ലയില്‍ എത്തുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുകയും രോഗ ലക്ഷണം ഉള്ളവരെ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. ഇങ്ങനെ എത്തുന്നവരില്‍ വീടുകളിൽ തന്നെ ക്വാറന്‍റൈനില്‍ കഴിയേണ്ടവർ അത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാനും മന്ത്രി നിർദേശം നല്‍കി.