ആലപ്പുഴ: മതത്തിന്‍റെ പേരിൽ നാടിനെ ഭിന്നിപ്പിക്കുമ്പോൾ മാനവസ്നേഹത്തിന്‍റെ മാതൃകയാണ് ചേരാവള്ളി പള്ളിയിൽ നടന്ന വിവാഹമെന്ന് അഡ്വ. എ.എം ആരിഫ് എംപി. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ നടന്ന അഞ്ജുവിന്‍റെയും ശരത്തിന്‍റെയും വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാനവസ്നേഹത്തിന്‍റെ മാതൃകയാണ് ചേരാവള്ളി പള്ളിയിലെ വിവാഹമെന്ന് എ.എം ആരിഫ് - kerala
കേരളം ലോകത്തിന് എപ്പോഴും മാതൃകയാണെന്ന് പറയുന്നത് വാചകമടിയല്ലെന്നും അത് ഹൃദയത്തിൽ തട്ടിയുള്ള ഒന്നാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അഡ്വ. എ.എം ആരിഫ് എംപി പറഞ്ഞു
കേരളം ലോകത്തിന് എപ്പോഴും മാതൃകയാണെന്ന് പറയുന്നത് വാചകമടിയല്ലെന്നും അത് ഹൃദയത്തിൽ തട്ടിയുള്ള ഒന്നാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി പണിതത് ഹൈന്ദവ സഹോദരങ്ങൾ നൽകിയ വിഭവങ്ങൾ കൊണ്ടാണെന്നും അരൂക്കുറ്റിയിലെ കോട്ടൂർ പള്ളി പണിതത് അവിടുത്തെ ഹൈന്ദവ കുടുംബം നൽകിയ സ്ഥലത്താണെന്നും അദ്ദേഹം പറഞ്ഞു. വാവര് പള്ളിയിൽ കാണിക്കയർപ്പിച്ച് കൊണ്ടാണ് ശബരിമല ദർശനം നടത്തുന്നതെന്നും മതസൗഹാർദ്ദത്തിന്‍റെ ഒരുപാട് അനുഭവങ്ങളുള്ള നാടാണ് കേരളമെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി. ഇവയെല്ലാം കൊണ്ടാണ് യഥാർഥ ഇന്ത്യക്കാർ മലയാളികളാണെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു, ഭാഗവത പ്രഭാഷകൻ സുനിൽ, ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ഇമാം റിയാസ് ഫൈസി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ചേരാവള്ളി ജമാഅത്ത് പള്ളിയങ്കണത്തിൽ എത്തിയത്.