ആലപ്പുഴ: ബലിപെരുന്നാൾ ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ആലപ്പുഴ എംപി എ എം ആരിഫ്. കേരളം അതിഭീകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും എ എം ആരിഫ് എംപി പറഞ്ഞു.
പെരുന്നാൾ ദിനം ദുരിതാശ്വാസ ക്യാമ്പിൽ; ആഘോഷങ്ങള്‍ ഒഴിവാക്കി ആരിഫ് എംപി - എ എം ആരിഫ് എംപി
പതിവ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ കണ്ണീരൊപ്പാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് എ എം ആരിഫ് എംപി.
പെരുന്നാൾ നമസ്കാരത്തിന് ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അദ്ദേഹം സന്ദര്‍ശനം നടത്തി. സാധാരണ പെരുന്നാൾ ദിനം ഉമ്മയോടൊപ്പമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഈ പെരുന്നാൾ ദിനത്തിൽ ഒരായിരം ഉമ്മമാർക്കൊപ്പമാണ് താൻ ഭക്ഷണം കഴിക്കുന്നത്. ഒരേ സമയം വേദനയും സന്തോഷം പകരുന്ന ഒരനുഭവമാണ് ഇത്. ഓരോ സത്യവിശ്വാസികളുടെയും കടമയാണ് സഹജീവികളോടുള്ള സ്നേഹവും അവർക്ക് സാന്ത്വനം പകരേണ്ടതും.
കച്ചവടത്തിനുവച്ചിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ എറണാകുളത്തെ വസ്ത്ര വ്യാപാരി നൗഷാദിനെ പോലുള്ള മനുഷ്യരേയാണ് താനുൾപ്പെടെയുള്ള ആളുകൾ മാതൃകയാക്കുന്നത്. മനുഷ്യമനസ്സിൽ മാനവികത ഊട്ടിയുറപ്പിക്കാൻ ഇത്തരം അനുഭവങ്ങൾ നമുക്ക് പ്രചോദനമാകുമെന്നും എന്തിനെയും കരുത്തോടെ അതിജീവിക്കാൻ കേരള ജനത ഒറ്റക്കെട്ടായി തന്നെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.