ആലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടലാക്രമണവും അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും ജില്ലയിലെ ജനജീവിതം താറുമാറാക്കി. തീരദേശത്ത് കടലാക്രമണം കൂടുതൽ ദുരിതം വിതച്ചപ്പോൾ കിഴക്കൻ മേഖലയിൽ കടുത്ത വെള്ളക്കെട്ടാണ് ദുരിതമായത്. കുത്തിയതോട്, തുറവുർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലും ചേർത്തല താലൂക്കിലെ പഞ്ചായത്തുകളിലെയും നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം കടലിലേയ്ക്ക് പോകാത്തതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഈ സാഹചര്യത്തിലാണ് അന്ധകാരനഴിപ്പൊഴി മുറിച്ച് വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിടാൻ മൈനർ ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിച്ചത്.
അന്ധകാരനഴിയിൽ പൊഴിമുറിച്ചു - മൈനർ ഇറിഗേഷൻ വകുപ്പ്
കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം കടലിലേയ്ക്ക് പോകാത്തതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഈ സാഹചര്യത്തിലാണ് അന്ധകാരനഴിപ്പൊഴി മുറിച്ച് വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിടാൻ മൈനർ ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിച്ചത്.
Also Read:ആലപ്പുഴയിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
അപ്രതീക്ഷിതമായുണ്ടായ ദുരിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടിയെന്ന് മൈനർ ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ലാൽജി പറഞ്ഞു. പൊഴിമുറിഞ്ഞതോടെ കടലിലേയ്ക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. കിഴക്കൻ മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. കടലിൽ വേലിയേറ്റമുണ്ടായാൽ നീരൊഴുക്കിൻ്റെ ശക്തി കുറയും. കടൽവെള്ളം തിരിച്ച് കയറാനുള്ള സാധ്യതയും ഉണ്ട്. ഇത് കണക്കിലെടുത്ത് അഴിമുഖത്ത് ആഴംകൂട്ടാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പട്ടണക്കാട് പഞ്ചായത്തിൻ്റെയും റവന്യൂ വകുപ്പിൻ്റെയും സഹകരണത്തോടെയാണ് മൈനർ ഇറിഗേഷൻ വകുപ്പ് പൊഴിമുറിക്കൽ നടപടികൾക്ക് നേത്യത്വം നൽകിയത്.