ആലപ്പുഴ : 'പുസ്‌തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്'. വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റ് സാമുവല്‍ ബട്‌ലറിന്‍റെ വാക്കുകളാണിത്. അത് ജീവിതത്തില്‍ അന്വര്‍ഥമാക്കിയ ഒരാളുണ്ട് ആലപ്പുഴയില്‍. ഇദ്ദേഹത്തിന്‍റെ പുസ്‌തക സ്നേഹം വായനയുടെ പ്രധാന്യം വിളിച്ചോതുന്ന ദിനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.
ഇരുകൈകളിലും പുസ്‌തകങ്ങള്‍ നിറച്ച ബാഗുകളുമേന്തി വായന വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ച കുമാരപുരത്തുകാരുടെ സ്വന്തം സുകുമാരൻചേട്ടനാണ് അത്. ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ പി സുകുമാരന്‍ നാട്ടുവഴികള്‍ താണ്ടാന്‍ തുടങ്ങിയിട്ട് 42 വര്‍ഷം പിന്നിട്ടു. ഇന്നും നിത്യേന 12 കിലോമീറ്റര്‍ നടന്ന് അദ്ദേഹം വായനയുടെ ലോകത്ത് നിശബ്‌ദ വിപ്ലവം നയിക്കുന്നു.
ഇരുകൈകളിലും പുസ്‌തകങ്ങള്‍ നിറച്ച ബാഗുകളുമേന്തി വായന വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ച് ഒരു ലൈബ്രേറിയന്‍ വിതരണം ഉള്ളടക്ക ശകലം വിവരിച്ച് :കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനാണ്. എന്നും, രാവിലെ 7:30 ന് ലൈബ്രറിയിൽ എത്തും. തുടര്‍ന്ന്, 10:30 ന് വായനക്കാർക്കുള്ള പ്രിയപ്പെട്ട പുസ്‌തകങ്ങളും പേറി ഇറങ്ങും. അങ്ങനെ വൈകിട്ട് നാലുവരെ പുസ്‌തക വിതരണം. അതും ഓരോ പുസ്‌തകത്തിന്‍റെയും ഉള്ളടക്ക ശകലം വിവരിച്ച് നല്‍കി, വായിക്കാന്‍ പ്രേരിപ്പിച്ച്. ഉച്ചഭക്ഷണം കൈയില്‍ കരുതിയിട്ടുണ്ടാവും. ഏതെങ്കിലും വീട്ടിൽ വച്ച് കഴിക്കും.
1980 ലാണ് വീടുകളിൽ പുസ്‌തകം എത്തിക്കാൻ ലൈബ്രറി കമ്മിറ്റി സുകുമാരനെ എല്‍പ്പിച്ചത്. ഇന്നും തികഞ്ഞ ആത്മനിർവൃതിയോടെയാണ് ഇദ്ദേഹം തന്‍റെ ജോലി ചെയ്യുന്നത്. സുകുമാരനിലൂടെ ലൈബ്രറിയില്‍ അംഗത്വമെടുത്ത് വായനയുടെ ലോകത്ത് വിഹരിക്കുന്നവർ അനവധി പേരുണ്ട്. മൂന്ന് തലമുറകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച സുകുമാരന് ജില്ല ഭരണകൂടം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, വായന ശാല-ഗ്രന്ഥ ശാല സംഘടനകള്‍ തുടങ്ങിയവയുടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പുസ്‌തകത്താളുകളിൽ ഒളിഞ്ഞിരിക്കുന്നത് അറിവും ഒരായിരം അനുഭവങ്ങളുമാണ്. അത് മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നത് അഭിമാനിക്കാൻ വകയുള്ളതാണ്. ഈ ഉറച്ച ബോധ്യവുമായി നാട്ടുവഴിയോരങ്ങളിലൂടെ സുകുമാരന്‍ നടത്തം തുടരുകയാണ്.