ആലപ്പുഴ: പ്രതിസന്ധികളിൽ തളരാതെ കുട്ടനാട്ടിലെ കുട്ടികൾ രചിച്ചത് അതിജീവനത്തിന്‍റെ വിജയഗാഥയാണ്. പ്രളയം മൂലം 30 ദിവത്തില്‍ അധികം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങളും കൊവിഡ് ഉയർത്തിയ വെല്ലുവിളികളും അതിജീവിച്ചാണ് കുട്ടനാട്ടിലെ കുട്ടികൾ പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ 2106 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. നൂറുശതമാനം വിജയത്തിന് പുറമെ 98 പെൺകുട്ടികളും 72 ആൺകുട്ടികളുമുൾപ്പെടെ 170 വിദ്യാർഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും കരസ്ഥമാക്കി. 2001ൽ കുട്ടനാട് ഉപജില്ല രൂപികരിച്ചതിന് ശേഷം ആദ്യമായാണ് 100 ശതമാനം വിജയം നേടുന്നത്. മുന്‍ വര്‍ഷത്തെ 99.94 ശതമാനത്തിൽ നിന്നാണ് 100 ശതമാനത്തിലേക്ക് എത്തിയത്. ഏഴ് സർക്കാർ സ്കൂളുകളും 25 എയ്‌ഡഡ് സ്കൂളുകളും ഒരു അൺ എയ്‌ഡഡ് സ്കൂളും ഒരു ടെക്‌നിക്കൽ സ്കൂളുമുൾപ്പെടെ 34 സ്കൂളുകളിലെ വിദ്യാർഥികളാണ് 100 ശതമാനം വിജയം കൈവരിച്ചതെന്ന് കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല ഡയറക്ടർ വി.സി മുരളീധരൻ പറഞ്ഞു.
എസ്‌എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി കുട്ടനാട്
പരീക്ഷയെഴുതിയ 2106 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി
പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ട്. കുട്ടനാടിന്‍റെ സ്വാഭാവികമായ പരിമിതികളിൽ കുട്ടികൾക്കൊപ്പം നിശ്ചയദാർഢ്യത്തോടെ നിന്ന രക്ഷിതാക്കാളും അധ്യാപകരുമാണ് ഈ വിജയത്തിന്‍റെ യഥാർത്ഥ ശിൽപികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ മുതല്‍ ഡിസംബർ വരെയുള്ള മാസങ്ങളിൽ കുട്ടനാട്ടിലെ പല സ്കൂളുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മഹാപ്രളയത്തിന് ശേഷം പല വിദ്യാലയങ്ങളിലും വെള്ളം കെട്ടിനിന്ന് കെട്ടിടങ്ങൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കായലിനോട് ചേർന്നു നിൽക്കുന്ന വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യ സമയത്ത് എത്തിച്ചേരാൻ സൗകര്യമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ പരിമിതികളിൽ നിന്നും ഇത്രയും മികച്ച വിജയം നേടിയത് തുടർക്കഥയാക്കാന്‍ സ്കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഉപജില്ല ഡയറക്ടർ അഭ്യർഥിച്ചു.