ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവിക്കാട് നന്ദനത്തിൽ പരേതനായ സജി കുമാറിന്‍റെ മകൻ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
ബൈക്ക് സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ക് ഷോപ്പിന്‍റെ മതിലിലും ഇടിച്ചായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കും പരിക്കേറ്റു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം രമണി സദനത്തില്‍ മനീഷിന്‍റെ മകൻ അശ്വിൻ മാധവിനാണ് (12) പരിക്കേറ്റത്.
അപകടത്തിൽ ആകാശിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ അശ്വിൻ മാധവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളൂരുവിൽ ബൈക്ക് അപകടം: ഇക്കഴിഞ്ഞ ജൂലൈ 19ന് മംഗളൂരുവിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചിരുന്നു. ദക്ഷിണ കന്നഡയിലെ അഡയാറിൽ ദേശീയ പാതയിലുണ്ടായ ബൈക്ക് അപകടത്തിൽ വളച്ചിൽ ശ്രീനിവാസ് കോളജിലെ വിദ്യാർഥിയായ മുഹമ്മദ് നഷാദാണ് (21) മരിച്ചത്.
ALSO READ :Mangaluru Accident | മംഗലാപുരത്തിനടുത്ത് ബൈക്ക് അപകടം, മലയാളി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ജൂലൈ 19ന് രാവിലെ 11.40നായിരുന്നു അപകടമുണ്ടായത്. വളച്ചിൽ ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കവെ നഷാദിന്‍റെ ബൈക്കിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നഷാദ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
2022 ഒക്‌ടോബറിലും മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചിരുന്നു. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്താണ് (24) മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. അഭിജിത്തിനെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
നായ കുറുകെ ചാടി അപടകം: ഇക്കഴിഞ്ഞ ജൂണ്‍ 23ന് എറണാകുളം ചേരാനല്ലൂർ കോതാട് വച്ച് നായ റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചിരുന്നു. മൂലംപള്ളി സ്വദേശിയായ സാൾട്ടനാണ് (26) മരിച്ചത്. പട്ടി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വരികയായിരുന്ന കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.