ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പ്രളയഭീതിയിലാണ്. ഇന്നലെ രാത്രിയോടെ മഴ ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴവെള്ളം സുഗമമായി കടലിലേക്ക് ഒഴുകി പോകാതിരിക്കുന്നത് കുട്ടനാട് മേഖലക്ക് ഭീഷണിയാണ്.
ജലനിരപ്പ് ഉയരുന്നതോടെ കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ കർഷകരുടെ ആശങ്കയും ഏറുന്നു. അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്‍റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കലക്ടർ അറിയിച്ചു.