ആലപ്പുഴ:ജില്ലാതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപ അനുവദിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ജൻഡർ പാർക്കിൽ ആരംഭിച്ച കോവിഡ് ഹെല്പ് ഡെസ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെജി രാജേശ്വരിയുടെ അധ്യക്ഷതയിൽ എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മാതൃകപരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും പഞ്ചായത്ത് -മുനിസിപ്പല്‍ തല ജാഗ്രത സമിതികള്‍ വഴി തദ്ദേശസ്ഥാപനങ്ങൾ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആരിഫ് എം പി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് 2 കോടി രൂപ അനുവദിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത്
പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആയുർവേദ, ഹോമിയോ ആശുപത്രികൾ വഴി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി കെജി രാജേശ്വരി അറിയിച്ചു. കൊവിഡ് രണ്ടാംഘട്ട വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദ്ദേശ പ്രകാരം സാനിറ്റൈസർ, മാസ്ക്, ടെസ്റ്റ് കിറ്റ് തുടങ്ങി 18 അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായാണ് രണ്ടു കോടി രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതെന്നും പ്രസിഡന്‍റ് പറഞ്ഞു.
ഹെല്‍പ് ഡെസ്ക് നമ്പറില്‍ (0477- 2962496) രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വിളിക്കാവുന്നതാണ്. കൊവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ, സിഎഫ്എൽടിസികളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ തലത്തിൽ പരിഹാരം കാണേണ്ട വിഷയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തന സജ്ജമായ 9496571269 എന്ന എമർജൻസി നമ്പറിലും ബന്ധപ്പെടാം. അഞ്ചു കൗൺസിലർമാർ, അഞ്ചു കുടുംബശ്രീ പ്രവർത്തകർ, അഞ്ചു സാക്ഷരത പ്രേരക് എന്നിങ്ങനെ 15 പേരടങ്ങുന്ന സംഘമാണ് ഹെല്‍പ് ഡെസ്കിൽ പ്രവർത്തിക്കുന്നത്.