ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് പ്രളയത്തിൽ തകരാത്ത രീതിയിൽ നിർമിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. പുത്തൻകരി - അറുനൂറ്റം പാടശേഖരത്തിലെ വെള്ളക്കെട്ട് നിവാരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വലുതും ചെറുതുമായ നിരവധി പാലങ്ങളും ഫ്ലൈ ഓവറുകളും ഉൾപ്പെടുത്തിയാകും റോഡ് നിർമാണം. കേന്ദ്രഫണ്ട് ലഭിച്ചില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കും. നബാർഡിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 108.6 ഹെക്ടർ പാടശേഖരത്തെ ഉൾക്കൊള്ളിച്ചുള്ള പദ്ധതിയിലൂടെ 123 നെൽ കർഷകർക്ക് പ്രയോജനം ലഭിക്കും.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് പ്രളയത്തിൽ തകരാത്ത രീതിയിൽ നിർമിക്കുമെന്ന് ജി. സുധാകരൻ - ജി. സുധാകരൻ
നബാർഡിന്‍റെ സഹായത്തോടെ കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
2.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തോടുകളുടെ ആഴംകൂട്ടി ബണ്ടുകൾ കൂടുതൽ ബലപ്പെടുത്തും. ഇതിലൂടെ കൃഷി ശക്തിപ്പെടുത്താനും കൂടുതൽ വിളവ് ഉത്പ്പാദിപ്പിക്കാനും സാധിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാതൃകാ പാടശേഖരമാക്കും. കുട്ടനാട്ടിലെ റോഡുകൾ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പുനർ നിർമിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിപ്പാടം -വൈശുംഭാഗം റോഡ്, അമ്പലപ്പുഴ -തിരുവല്ല റോഡ് എന്നിവ ആധുനിക രീതിയിൽ നിർമിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ അധ്യക്ഷനായി. ഇതോടനുബന്ധിച്ച് നടന്ന പരിശീലന പരിപാടിയിൽ കാലാവസ്ഥ വ്യതിയാനവും പ്രകൃതിവിഭവ സംരക്ഷണവും എന്ന വിഷയത്തിൽ ചടയമംഗലം ഐ.ഡബ്ല്യൂ.ഡി.എം.കെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. അനു മേരി ഫിലിപ്പ് ക്ലാസ് നയിച്ചു.