ആലപ്പുഴ: കേരളത്തിന്‍റെ വികസനത്തിന് വമ്പൻ പദ്ധതികളാണ് കേന്ദ്ര ബജറ്റിലെന്ന വിശകലനങ്ങൾ തെറ്റാണെന്ന് ആലപ്പുഴ എംപി അഡ്വ.എഎം ആരിഫ്. കേന്ദ്ര ബജറ്റ് നിരാശജനകമാണ്. കേരളത്തിനും ആലപ്പുഴക്കും ബജറ്റിൽ കാര്യമായി ഒന്നും തന്നെ നീക്കി വച്ചിട്ടില്ല. കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന പല വികസന പദ്ധതികളെയും അവഗണിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റ് നിരാശജനകമാണെന്ന് അഡ്വ.എ.എം ആരിഫ് എം.പി - ബഡ്ജറ്റ് 2021
കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന പല വികസന പദ്ധതികളെയും അവഗണിക്കുകയാണുണ്ടായതെന്ന് അഡ്വ.എ.എം ആരിഫ് എം.പി പറഞ്ഞു
ദേശീയപാത വികസനത്തിന് പണം അനുവദിച്ചതല്ലാതെ മറ്റൊന്നും കാര്യമായി പരിഗണിച്ചിട്ടില്ല. റെയിൽവേ സോൺ, എയിംസ് തുടങ്ങിയ ഒരു ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. ബജറ്റ് കാലയളവിനുള്ളിൽ പൂർത്തീകരിക്കാൻ വിഷമമുള്ള ഹൈവേ വികസനത്തിന് തുക വകയിരുത്തിയത് ഒഴിച്ചാൽ മറ്റ് കാര്യമായ പദ്ധതികൾ ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആത്മനിർഭർ പദ്ധതികളുടെ ആവർത്തനങ്ങളല്ലാതെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയോ സാമ്പത്തിക പ്രതിസന്ധിയോ പരിഹരിക്കാൻ കേന്ദ്ര ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം വ്യവസായിക കേന്ദ്രമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എത് പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് പ്രധാനമന്ത്രി പറഞ്ഞാൽ നന്നായിരിക്കും. ആലപ്പുഴ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ മാത്രമാണ് ആലപ്പുഴയ്ക്ക് ഏക ആശ്വാസo എന്നും ആരിഫ് എം.പി പ്രതികരിച്ചു.