ആലപ്പുഴ: സംസ്ഥാനത്തെ വിശപ്പുരഹിതമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതിയായ 'ജനകീയ ഭക്ഷണശാല'ക്ക് തുടക്കമായി. 25 രൂപക്ക് വിഭവസമൃദ്ധമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ എന്ന ആശയം കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആദ്യ ജനകീയ ഭക്ഷണ ശാലയുടെ ഉദ്ഘാടനം ആലപ്പുഴയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിച്ചു. ഇത്തരം 1000 ജനകീയ ഭക്ഷണശാലകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
വിശന്ന വയറുകള്‍ക്ക് വിട; ആയിരം ജനകീയ ഹോട്ടലിന് ആലപ്പുഴയില്‍ തുടക്കം - തോമസ് ഐസക്
ഹോട്ടലിന് മുന്നിലെ ബോർഡിലുള്ള ഷെയർ മീൽസ് ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്കും സൗജന്യമായി ഊണ് കഴിക്കാം
എല്ലാ ജനകീയ ഹോട്ടലുകളിലും ഭക്ഷണകൂപ്പണിന്‍റെ 10 ശതമാനം സൗജന്യമായിരിക്കും. ആവശ്യക്കാർക്ക് ഇതുപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാം. 25 രൂപ നൽകാനില്ലാത്തവർക്കും ജനകീയ ഹോട്ടലിൽ നിന്ന് ഊണ് കഴിക്കാനാകും. ഹോട്ടലിന് മുന്നിലുള്ള ബോർഡിൽ ഷെയർ മീൽസ് ടോക്കണുകൾ ഉണ്ടാകും. ഈ ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്കും സൗജന്യമായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാൻ സന്മനസുള്ളവർക്ക് 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി നൽകാം. ഇതിനായി ഹോട്ടലിലെ ബോര്‍ഡില്‍നിന്ന് ഷെയര്‍ മീല്‍സ് ടോക്കണ്‍ എടുത്ത് നല്‍കണമെന്നുമാത്രം. ഇത് നിരവധി പേർക്ക് സഹായകരമാകും. ധനമന്ത്രിയുടെ ഭക്ഷണത്തിന്‍റെ പൈസ കൂടി നൽകി അഡ്വ. എ.എം ആരിഫ് എംപിയാണ് ഷെയർ മീൽസ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്.
രണ്ടുവർഷമായി മണ്ണഞ്ചേരിയിൽ ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍റെ അടുക്കളയിൽ പാചകം ചെയ്താണ് ജനകീയ ഹോട്ടലിൽ ഭക്ഷണം എത്തിക്കുക. കോമൺ കിച്ചൺ എന്ന ആശയമാണ് ഇതിന് പിന്നിൽ. ചോറ്, മീൻചാറ് , സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ് ഊണ്. സ്പെഷ്യൽ വേണ്ടവർക്ക് അതുമുണ്ടാകും. അതിന് പ്രത്യേകം പണം നൽകണം. ഓണത്തിന് മുമ്പ് സര്‍ക്കാര്‍ സഹായത്തോടെ ആയിരം ജനകീയ ഹോട്ടല്‍ ആരംഭിക്കാനാണ് പദ്ധതി.