ആലപ്പുഴ: അമ്പലപ്പുഴയെ ഞെട്ടിച്ച മൂന്ന് പെൺകുട്ടികളുടെ ആത്മഹത്യ നടന്നിട്ട് 12 വർഷം. ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിനികളായ ജൂലി വർഗീസ്(17), വേണി വേണുഗോപാൽ (17), അനില ബാബു (17) എന്നിവരെ ക്ലാസ് മുറിയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടികൾ പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ലോക്കൽ പൊലീസ് നിഗമനത്തിലെത്തി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹപാഠികൾ പ്രണയം നടിച്ച്, വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് എന്നാണ് സംശയം.
12 വർഷം; അന്വേഷണത്തില്‍ പൊലീസിന്‍റെ അനാസ്ഥ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ ആറ് പേരാണ് സംശയത്തിലുണ്ടായിരുന്നത്. ഇവരിൽ നാലുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുവിൽ പ്രതികളെന്ന് ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്‌ത സഹപാഠികളായ ഒന്നാം പ്രതി അമ്പലപ്പുഴ വെളിപ്പറമ്പിൽ ഷാനവാസിനെയും രണ്ടാം പ്രതി കമ്പിവളപ്പിൽ സൗഫറിനെയും ഏതാനും മാസങ്ങൾക്ക് മുമ്പ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. മെഡിക്കൽ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. ആദ്യം അമ്പലപ്പുഴ പൊലീസും ആലപ്പുഴ ഡിവൈഎസ്‌പിയും അന്വേഷിച്ച കേസ് വിവാദമായതോടെ ക്രൈം ഡിച്ചാറ്റ്‌മെന്‍റിന് കൈമാറിയിരുന്നു
കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ, വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികളുടെ മേൽ ആരോപിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. വിദ്യാർഥിനികളുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്‌ചകളാണ് പ്രതികൾക്ക് തുണയായതെന്നാണ് വിലയിരുത്തൽ.
കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കല്ലേലി ശങ്കരൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ആരാണെന്ന് കേരളത്തിന്‍റെ നിയമ സംവിധാനത്തിന് കണ്ടെത്താൻ സാധിക്കാത്ത ഏറെ പരിഹാസ്യമായ സാഹചര്യമാണ് അമ്പലപ്പുഴയിൽ ഉണ്ടായതെന്നും പ്രതികളെ സംരക്ഷിക്കാൻ അധികാരത്തിലിരിക്കുന്നവർ ശ്രമിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.സോമൻ ആരോപിച്ചു.