ടോക്കിയോ:ഒളിമ്പിക്‌സ് ഹോക്കിയിൽ പുരുഷ വിഭാഗം പൂൾ എ യിൽ ശക്തരായ ജപ്പാനെ തകർത്ത് ഇന്ത്യ. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ നാലാമത്തെ വിജയമാണിത്. ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാനിച്ചതോടെ 12 പോയിന്‍റോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.
മത്സരത്തിന്‍റെ 17-ാം മിനിട്ടിൽ പെനാലിറ്റി കോർണറിലൂടെ മൻപ്രീത് സിങാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ 1-0ന്‍റെ ലീഡുമായി മുന്നേറിയ ഇന്ത്യക്കായി രണ്ടാം ക്വാർട്ടറിൽ ഗുർജന്ത് സിങ് ലീഡുയർത്തി. തൊട്ടു പിന്നാലെ ജപ്പാൻ ഗോൾ മടക്കിയെങ്കിലും 2-1ന്‍റെ ലീഡുമായി ഇന്ത്യ രണ്ടാം ക്വാർട്ടർ അവസാനിപ്പിച്ചു.
മൂന്നാം ക്വാർട്ടറിൽ ജപ്പാൻ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും തൊട്ടടുത്ത മിനിട്ടിൽ തന്നെ ഷംസേർ സിങ് ഗോൾ മടക്കി ലീഡ് തിരിച്ചുപിടിച്ചു. നാലാം ക്വാർട്ടറിൽ നിലാകാന്ത് ശർമ്മ ഇന്ത്യക്കായി നാലാം ഗോൾ നേടിയപ്പോൾ വരുണ്‍ കുമാർ അഞ്ചാം ഗോൾ നേടി ഇന്ത്യയുടെ വിജയമുറപ്പിച്ചു.
ALSO READ:ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍; പി.വി സിന്ധു സെമിയിൽ
ന്യൂസിലാന്‍ഡിനെ 3-2ന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ തുടക്കം. തൊട്ടടുത്ത കളിയില്‍ ഓസ്‌ട്രേലിയയോടു 1-7നു ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി നാണം കെട്ടെങ്കിലും ഇന്ത്യ തളര്‍ന്നില്ല. അടുത്ത മത്സരങ്ങളിൽ സ്‌പെയിനിനെ 3-0നും അര്‍ജന്‍റീനയെ 3-1നും ഇന്ത്യ തകര്‍ത്തിരുന്നു.