ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മീരാബായി ചാനു. 49 കിലോ ഭാരോദ്വഹനത്തിൽ സ്‌നാച്ചിൽ 87 കി.ഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 115 കി.ഗ്രാമും ഉയർത്തിയാണ് മീരാബായി രാജ്യത്തിന്‍റെ അഭിമാനമായി മാറിയത്. ഭാരോദ്വഹനത്തിൽ ആദ്യമായി വെള്ളി മെഡല്‍ നേടുന്ന ഇന്ത്യൻ താരമാണ് മീരാബായി ചാനു.
അമ്പെയ്‌ത്തിൽ നിന്ന് ഭാരോദ്വഹനത്തിലേക്ക്
മണിപ്പൂരിലെ ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച മീരാബായി ചാനു 13-ാം വയസിലാണ് ഭാരോദ്വഹനത്തിലേക്ക് എത്തുന്നത്. കുട്ടിക്കാലത്ത് അമ്പെയ്ത്തിലായിരുന്നു താൽപര്യമെങ്കിലും അക്കാലത്ത് മണിപ്പൂരിൽ അമ്പെയ്ത്ത് പരിശീലനം നടത്തുന്ന കേന്ദ്രങ്ങൾ ഇല്ലായിരുന്നു. അങ്ങനെ ആ മോഹം പൊലിഞ്ഞു. എന്നാൽ പിന്നീട് ഇന്ത്യൻ ഭാരോദ്വഹന ഇതിഹാസം കുഞ്ചുറാണി ദേവിയുടെ പ്രകടനങ്ങൾ കണ്ട് ആകൃഷ്ടയായ മീരാബായ് ഭാരോദ്വഹനത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു.
ഭാരോദ്വഹനത്തിന്‍റെ തുടക്ക കാലം മുതലേ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമായിരുന്നു മീരാബായിക്ക്. 2014 ലെ കോമണ്‍വെൽത്ത് ഗെയിംസിൽ നേടിയ വെള്ളിയടക്കം ഒട്ടനവധി നേട്ടങ്ങൾ രാജ്യത്തിനായി സംഭാവന ചെയ്യാൻ മീരാബായിക്കായി.
ദുരന്തമായി റിയോഒളിമ്പിക്‌സ്
എന്നാൽ 2016 ലെ റിയോ ഒളിമ്പിക്‌സിൽ ചാനുവിന് പിഴച്ചു. കോമണ്‍വെൽത്തിലെ നേട്ടം ഉൾപ്പെടെ മുൻനിർത്തി ഒരു രാജ്യത്തിന്‍റെ മുഴുവൻ പ്രതീക്ഷയുടെ ഭാരവും ചുമലിലേറ്റി റിയോയിലേക്കെത്തിയ ചാനുവിന് അത്തവണത്തെ ഒളിമ്പിക്‌സ് വലിയൊരു ദുരന്തമായി മാറി. റിയോയിൽ എത്തുന്നതിന് മുൻപ് ക്ലീൻ ആന്‍റ് ജർക്കിൽ 107 കിലോ ഭാരം ഉയർത്തിയിരുന്ന ചാനുവിന് റിയോയിൽ 104 കിലോ പോലും ഉയർത്താൻ സാധിച്ചില്ല. ചാനുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു അത്തവണത്തെ ഒളിമ്പിക്‌സിലേത്.
റിയോയിലെ പ്രകടനത്തിന്‍റെ പേരിൽ ഒട്ടേറെ ആരോപണങ്ങൾ നേരിടേണ്ടി വന്നു ചാനുവിന്. എന്നാൽ തൊട്ടടുത്ത വർഷം തന്നെ അമേരിക്കയിൽ വെച്ചുനടന്ന ലോകചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിക്കൊണ്ടാണ് ചാനു വിമർശകരുടെ വായടപ്പിച്ചത്. റിയോയിലെ ദുഖത്തിന് പകരം വീട്ടണം എന്ന ഉറച്ച വാശിയിലാണ് ഇത്തവ ടോക്കിയോയിലേക്ക് ചാനു വണ്ടി കയറിയത്. രാജ്യത്തിനായൊരു ഒളിമ്പിക്‌സ് മെഡൽ എന്ന സ്വപനം പൂവണിയിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് ഇത്തവണ പ്രകടനത്തിനിറങ്ങിയത്.
പൊരുതി നേടിയ വെള്ളി
ഒടുവിൽ കർണം മല്ലേശ്വരിക്കു ശേഷം ഭാരോദ്വഹനത്തിൽ രാജ്യത്തിനായി മെഡൽ നേടുന്ന താരമായി മാറിയിരിക്കുന്നു ഈ മണിപ്പൂരുകാരി. പതിമൂന്നാം വയസിൽ അമ്പെയ്‌ത്ത് സ്വപ്‌നം കണ്ട് ഇംഫാലിലേക്ക് യാത്രതിരിച്ച മീരാഭായി ഇന്ന് ഇരുപത്തിയാറാം വയസിൽ ടോക്കിയോയിൽ വെള്ളിമെഡലുമായി ഒരു രാജ്യത്തിന്‍റെ തന്നെ അഭിമാനമായി നിൽക്കുന്നു.
ജീവിത സാഹചര്യങ്ങളല്ല തോൽക്കാത്ത മനസാണ് വിജയത്തിന്‍റെ ഫോർമുല എന്ന് പൊന്നിൻ തിളക്കമുള്ള ഈ വെള്ളിയിലൂടെ മീരാഭായി ചാനു നമുക്ക് കാട്ടിത്തരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് സഞ്ചരിക്കാൻ ഉറച്ച നിശ്ചയത്തോടെ തന്നെ പോരാട്ട വേദികളിൽ മീരാബായ് ചാനു ഉണ്ടാകും, ഇതൊരു തുടക്കം മാത്രം...
ALSO READ:ആദ്യ മെഡലുയര്‍ത്തി മീരാബായി ചാനു; ഇന്ത്യയ്ക്ക് വെള്ളി തിളക്കം