ഫ്ലോറിഡ: പരസ്‌പരം സ്‌നേഹിക്കാനും വർണവെറിയെ കുറിച്ച് സംസാരിക്കാനും ആവശ്യപെട്ട് അമേരിക്കന്‍ കൗമാര ടെന്നീസ് താരം കൊകൊ ഗാഫ്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ ദാരുണാന്ത്യത്തെ തുടർന്നാണ് വർണവെറിക്കെതിരെ കൊകൊ ഗാഫ് പ്രതികരിച്ചത്. നാം നിശബ്ദരായി ഇരിക്കുമ്പോൾ അടിച്ചമർത്തുന്നവരുടെ പക്ഷം പിടിക്കുകയാണ്. നല്ല ആളുകളുടെ നിശബ്ദത ചീത്ത ആൾക്കാരുടെ ക്രൂരതയെക്കാള്‍ അപകടമാണെന്ന് മാർട്ടിന്‍ ലൂതർ കിങ് പറഞ്ഞത് ഇപ്പോൾ ഓർക്കണം. നിങ്ങൾ കറുത്തവന്‍റെ സംഗീതം കേൾക്കാറുണ്ടെങ്കില്‍, അവന്‍റെ സംസ്കാരം ഇഷ്‌ടപ്പെടുന്നുണ്ടെങ്കില്‍, നിങ്ങൾക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ സുഹൃത്തുക്കളുണ്ടെങ്കില്‍ ഇത് നിങ്ങളുടെ കൂടി സമരമാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ മുതല്‍ ടെന്നീസ് കോർട്ടില്‍ സ്വപ്‌ന കുതിപ്പാണ് 16 കാരിയായ കൊകൊ ഗാഫ് നടത്തുന്നത്. വിംബിൾഡണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും നാലാം റൗണ്ടിലെത്തി. വിംബിൾഡണിന് യോഗ്യത നേടിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗാഫിനെ തേടിയെത്തി. തന്‍റെ 15-ാം വയസിലാണ് ഗാഫ് വിംബിൾഡണ്‍ കളിച്ചത്.