ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ടെന്നീസ് താരം പെങ് ഷുവായിയുടെയും മറ്റ് വനിത താരങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്‍റുകളും അന്താരാഷ്ട്ര വനിതാ ടെന്നീസ് സംഘടനയായ ഡബ്ല്യു.ടി.എ (WTA) റദ്ദാക്കി. പെങ് ഷുവായിയുമായി ബന്ധപ്പെട്ട തിരോധാന വിവാദങ്ങളാണ് ഡബ്ല്യു.ടി.എയുടെ പുതിയ തീരുമാനത്തിന് പ്രധാന കാരണമായത്.
ഡബ്ല്യു.ടി.എയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റുകള്‍ റദ്ദാക്കുന്നതോടെ വലിയ സാമ്പത്തിക ബാധ്യതയാകും ഡബ്ല്യു.ടി.എയ്ക്ക് നേരിടേണ്ടി വരിക.
ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവോലിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനേത്തുടര്‍ന്ന് മൂന്നാഴ്‌ചയോളം ടെന്നീസ് താരം പെങ് ഷുവായിയെ കാണാതായിരുന്നു. 'പെങ്ങ് ഷുവായ് എവിടെ' എന്ന ഹാഷ്ടാഗില്‍ വലിയൊരു ക്യാമ്പെയ്ന്‍ നടത്തി ടെന്നീസ് താരങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം ലോകത്താകമാനം ചർച്ചാവിഷയമാവുകയായിരുന്നു.
READ MORE:Peng Shuai| പെങ് ഷുവായിയുടെ തിരോധാനം: ചൈനക്കെതിരെ കായിക ലോകം; പുതിയ വീഡിയോ പര്യാപ്‌തമല്ലെന്ന് സ്‌റ്റീവ് സൈമണ്‍
പിന്നാലെ പെങ് സുരക്ഷിതയാണെന്ന് ചൈനീസ് സർക്കാർ തന്നെ അറിയിച്ചതോടെയാണ് വിവാദങ്ങൾ കെട്ടടങ്ങിയത്. നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ്ങിനെതിരേ പെങ് ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്‌ബോ ഉടന്‍ നീക്കം ചെയ്‌തെങ്കിലും അത് വന്‍ വിവാദത്തിലേക്ക് വഴിവെക്കുകയായിരുന്നു.