പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടിലേക്ക് കടന്ന് സൂപ്പർ താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും. ലോക രണ്ടാം നമ്പർ താരം നദാൽ ജർമ്മനിയുടെ യാനിക് മാഡെനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ 6-1, 6-2, 6-4.
ഫ്രഞ്ച് ഓപ്പണിന്‍റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി പ്രമുഖർ - റാഫേല്‍ നദാൽ
പുരുഷ സിംഗിൾസിൽ റാഫേല്‍ നദാലും റോജര്‍ ഫെഡററും മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ വനിതാ സിംഗിള്‍സിൽ സ്ലൊവാനെ സ്റ്റീഫന്‍സും കരോളിന പ്ലിസ്‌ക്കോവയും മൂന്നാം റൗണ്ടിന് യോഗ്യത നേടി
ജർമ്മനിയുടെ തന്നെ ഓസ്‌കാര്‍ ഓറ്റെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ചാണ് സൂപ്പർ താരം ഫെഡറര്‍ മൂന്നാം റൗണ്ടിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-4, 6-3, 6-4. ലോക ആറാം നമ്പർ താരമായ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സ്റ്റിസിപാസ് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും അവസാന മൂന്ന് സെറ്റും സ്വന്തമാക്കിയാണ് ഗ്രീസി താരത്തിന്‍റെ ജയം. സ്കോർ 4-6, 6-0, 6-3, 7-5. മറ്റ് മത്സരങ്ങളിൽ ജപ്പാന്‍റെ കെയ് നിഷികോരിയും സ്റ്റാന്‍ വാവ്‌റിങ്കയും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
വനിതാ സിംഗിള്‍സിലും പ്രമുഖ താരങ്ങള്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയിന്‍റെ സാറ സോറിബെസ് ടോര്‍മോയെ പരാജയപ്പെടുത്തിയപ്പോൾ കരോളിന പ്ലിസ്‌ക്കോവ സ്ലൊവാക്കിയയുടെ ക്രിസ്റ്റീന കുക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കും തോല്‍പ്പിച്ചു.