പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടിൽ കടന്ന് സൂപ്പർ താരങ്ങളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍റിന്‍റെ ഹെന്‍റി ലാക്ക്‌സെനനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍ 6-1, 6-4, 6-3.
ഫ്രഞ്ച് ഓപ്പൺ : ജോക്കോവിച്ചും സെറീനയും മൂന്നാം റൗണ്ടിൽ
ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീമും മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയും കുതിപ്പ് തുടരുന്നു.
ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. നേരത്തെ 2016 ലാണ് സെർബിയൻ താരത്തിന്‍റെ ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടം. മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമും മൂന്നാം റൗണ്ടില്‍ കടന്നു. കസാഖിസ്ഥാന്‍റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെയാണ് തീം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-7, 6-3, 7-5. ലോക അഞ്ചാം നമ്പര്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെര്‍വും മൂന്നാം റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ ജേതാവായ അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ടിന് യോഗ്യത നേടി. ജപ്പാന്‍റെ കുറിമി നാറയെയാണ് സെറീന പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്‍റെ നവോമി ഒസാക്കയും കുതിപ്പ് തുടരുന്നു. വിക്ടോറിയ അസറിന്‍കയെ തോല്‍പ്പിച്ചാണ് ഒസാക്ക മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 4-6, 7-5, 6-3. നിലവിലെ ജേതാവായ റൊമാനിയയുടെ സിമോണ ഹാലപ്പും മൂന്നാം റൗണ്ട് പ്രതീക്ഷ കാത്തു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പോളണ്ടിന്‍റെ മാഗ്ഡ ലിനെറ്റിയെ 6-4, 5-7, 6-3 എന്ന സ്‌കോറിനാണ് ഹാലപ്പ് തോല്‍പ്പിച്ചത്.