പാരീസ്:ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ശനിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
''കളി തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നത് വെല്ലുവിളിയാവുമോ എന്നറിയില്ല. വിശ്രമം വേണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓരോ മത്സരത്തിന് ശേഷവും കാല്‍മുട്ടിന്‍റെ അവസ്ഥ വിലയിരുത്തും. കാല്‍മുട്ടിന്‍റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ് ഓരോ ദിവസവും ഉറക്കം ഉണരുന്നത്.'' ഫെഡറര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെഡററുടെ വലത് കാല്‍മുട്ടിന് രണ്ട് ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെയ് മാസത്തില്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ഫെഡറര്‍ കളിക്കുന്ന ആദ്യത്തെ പ്രമുഖ ടൂര്‍ണമെന്‍റാണ് ഫ്രഞ്ച് ഓപ്പണ്‍. കളിമണ്‍ കോര്‍ട്ടിലെ പോരാട്ടങ്ങളുടെ കാഠിന്യം കാല്‍മുട്ടിന് താങ്ങാനായില്ലെങ്കില്‍ പിന്മാറുമെന്ന സൂചനയാണിപ്പോള്‍ ഫെഡറര്‍ നല്‍കിയിരിക്കുന്നത്.