തായ്‌പെയ് :മുൻ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലി (Zhang Gaoli)ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയച്ചതിന് പിന്നാലെ അപ്രത്യക്ഷയായ പെങ് ഷുവായി(Peng Shuai) എവിടെ എന്ന ചോദ്യവുമായി കായിക ലോകം. 'പെങ് ഷുവായ് എവിടെ' (#WhereIsPengShuai) എന്ന ഹാഷ് ടാഗിൽ താരത്തെ കണ്ടെത്തുന്നതിനുള്ള ക്യാംപെയ്‌ൻ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
എന്നാൽ സാങ് ഗാവൊലിക്കെതിരെയുള്ള ലൈംഗിക ആരോപണത്തെക്കുറിച്ചും പെങ്ങിന്‍റെ തിരോധാനത്തെക്കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. അതേസമയം താരം വീട്ടിൽ സുരക്ഷിതയാണെന്നും വൈകാതെ ജനങ്ങളുടെ മുന്നിലേക്കെത്തുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് (Global Times) റിപ്പോർട്ട് ചെയ്‌തു.
ലൈംഗിക ആരോപണം, പിന്നാലെ തിരോധാനം
നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ്ങിനെതിരേ പെങ് ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്‌ബോ ഉടന്‍ നീക്കം ചെയ്‌തെങ്കിലും അത് വന്‍ വിവാദത്തിന് വഴിവച്ചു. തുടർന്ന് താരം പൊടുന്നനെ അപ്രത്യക്ഷയാവുകയായിരുന്നു. പിന്നാലെയാണ് താരത്തെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയയിൽ ഹാഷ്‌ടാഗ് ക്യാമ്പെയ്‌ൻ ആരംഭിച്ചത്.
ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച് (novak djokovic), സെറീന വില്യംസ് (serena williams), നവോമി ഒസാക(naomi osaka), കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി, ഫുട്ബോൾ താരം ജെറാർഡ് പിക്വെ തുടങ്ങിയവരെല്ലാം താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ പെങ്ങിന്‍റെ തിരോധാനം ലോകത്താകമാനം ചർച്ചാവിഷയമാവുകയായിരുന്നു.
പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ടെന്നിസ് അസോസിയേഷനും (WTA) രംഗത്തെത്തിയിരുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ ചൈനയില്‍ ഡബ്ല്യുടിഎ ടൂര്‍ണമെന്‍റുകള്‍ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ വക്താവ് ഹീഥര്‍ ബോളര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ :Australian Open| ജോക്കോ ആയാലും വാക്‌സിന്‍ വേണം; നിലപാട് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍
ചൈനയിലെ ഏറ്റവും പ്രശസ്‌തയായ കായിക താരങ്ങളിലൊരാളാണ് പെങ് ഷുവായി. മൂന്ന് ഒളിമ്പിക്‌സില്‍ പങ്കെടുത്ത 35-കാരിയായ താരം രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ഫ്രഞ്ച് ഓപ്പണും 2013-ല്‍ വിംബിള്‍ഡണും നേടി. സിംഗിള്‍സില്‍ 2014 യു.എസ്.ഓപ്പണ്‍ സെമി ഫൈനലില്‍ എത്തിയതാണ് ഏറ്റവും മികച്ച നേട്ടം.
സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.