ദുബായ്: ആദ്യമൊന്ന് പതറിയെങ്കിലും നായകൻ കെയ്‌ൻ വില്യംസൺ തകർത്തടിച്ചപ്പോൾ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിന് മികച്ച സ്കോർ. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലൻഡ് 172 റൺസ് നേടി.
ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിന്‍റെ അർദ്ധ സെഞ്ച്വറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. കെയ്‌ൻ 48 പന്തില്‍ മൂന്ന് സിക്‌സിന്‍റെയും 10 ഫോറുകളുടേയും അകമ്പടിയോടെ 85 റൺസെടുത്ത് പുറത്തായി. ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ വിൻഡീസ് ബാറ്റർ മർലോൺ സാമുവല്‍സിന്‍റെ റെക്കോഡിന് ഒപ്പമെത്താനും വില്യംസണായി.
മാർട്ടിൻ ഗപ്‌റ്റിൻ (28), ഗ്ലെൻ ഫിലിപ്‌സ് (18), ഡാരല്‍ മിച്ചല്‍ (11) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ജെയിംസ് നീഷാം (13), ടിം സെയ്‌ഫെർട്ട് (8) എന്നിവർ പുറത്താകാതെ നിന്നു.
ജോഷ് ഹാസില്‍ വുഡ് നാല് ഓവറില്‍ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആഡം സാംപ നാല് ഓവറില്‍ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. പാറ്റ് കമ്മിൻസ് നാല് ഓവറില്‍ വിക്കറ്റൊന്നും നേടാത 27 റൺസ് വിട്ടുകൊടുത്തു. നാല് ഓവറില്‍ 60 റൺസ് വഴങ്ങിയ മിച്ചല്‍ സ്റ്റാർക്ക് ആണ് ഏറ്റവുമധികം തല്ലുവാങ്ങിയത്.
ടി 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ന്യൂസിലൻഡ് ദുബായില്‍ നേടിയത്.