കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ തകർത്ത് ദക്ഷിണാഫ്രിക്ക, വിജയിച്ചിട്ടും സെമി കാണാതെ പുറത്ത് - South Africa crash out of T20 WC

അവസാന ഓവറിൽ ഹാട്രിക്ക് നേടിയ റബാഡയാണ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. എന്നാൽ നെറ്റ് റണ്‍റേറ്റിലെ കുറവാണ് ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായത്.

ടി20 ലോകകപ്പ്  South Africa beat England  T20 WORLDCUP  റബാഡ  റബാഡ ഹാട്രിക്ക്  ടി20 ലോകകപ്പ് ഗ്രൂപ്പ്  South Africa crash out of T20 WC  സൗത്ത് ആഫ്രിക്ക പുറത്ത്
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ തകർത്ത് ദക്ഷിണാഫ്രിക്ക, വിജയിച്ചിട്ടും സെമി കാണാതെ പുറത്ത്

By

Published : Nov 7, 2021, 10:15 AM IST

ഷാർജ : ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വിജയിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്. ഇംഗ്ലണ്ടിനെ 10 റണ്‍സിന് തോൽപ്പിച്ചെങ്കിലും നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 179 റണ്‍സ് നേടാനേ സാധിച്ചുള്ളു. വിജയത്തിലേക്ക് അടുത്ത ഇംഗ്ലണ്ടിനെ അവസാന ഓവറിൽ ഹാട്രിക്ക് നേടിയ റബാഡയാണ് പിടിച്ചുകെട്ടിയത്.

ഇംഗ്ലണ്ടിനെതിരെ കുറഞ്ഞത് 58 റണ്‍സിന്‍റെയെങ്കിലും വിജയം നേടിയിരുന്നെങ്കിൽ മാത്രമേ ദക്ഷിണാഫ്രിക്കക്ക് ഓസ്‌ട്രലിയയെ പിൻതള്ളി സെമിയിലെത്താൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇംഗ്ലണ്ട് ബാറ്റർമാരെ വരുതിയിലാക്കാൻ ദക്ഷിണാഫ്രിക്കക്ക് സാധിച്ചില്ല.

ഓപ്പണർമാരായ ജേസണ്‍ റോയിയും, ജോസ് ബട്ട്ലറും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് നാലോവറിൽ 37 റണ്‍സ് അടിച്ചുകൂട്ടി. എന്നാൽ അഞ്ചാം ഓവറിൽ പരിക്ക് പറ്റിയ ജേസൻ റോയ്‌ തിരികെ മടങ്ങി. പിന്നാലെ മൊയ്‌ൻ അലി ക്രീസിലെത്തി.

എന്നാൽ ആറാം ഓവറിൽ ജോസ് ബട്ട്ലറെ(26) പുറത്താക്കി അന്‍റ്റിച്ച് നോർക്കെ ദക്ഷിണാഫ്രികയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പകരമെത്തിയ ജോണി ബെയർസ്റ്റോ ഒരു റണ്‍സ് എടുത്ത് മടങ്ങി. തബ്റൈസ് ഷംസിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഡേവിഡ് മലാൻ ക്രീസിലെത്തി.

മലാനും അലയും ചേർന്ന് 11-ാം ഓവറിൽ ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാൽ 13-ാം ഓവറിൽ അലിയെ(37) ഷംസി പുറത്താക്കി. പിന്നാലെ ലിയാം ലിവിങ്സ്റ്റണ്‍ ക്രീസിലെത്തി. 15-ാം ഓവറിൽ റബാഡയെ തുടർച്ചയായ മൂന്ന് സിക്‌സിന് പറത്തി ലിവിങ്സറ്റണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. മൂന്നാം സിക്‌സും ബൗണ്ടറി കടന്നതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങൾ അവസാനിച്ചു. തൊട്ടുി പിന്നാലെ മലാനെ(33) പ്രിട്ടോറിയസ് വീഴ്‌ത്തി.

എന്നാൽ അവസാന രണ്ടോവറിൽ 25 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയ ലക്ഷ്യം. റബാഡയുടെ അവസാന ഓവറിൽ 14 റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാൻ. എന്നാൽ അവിടെ മത്സരം മാറി ആദ്യ മൂന്ന് പന്തിലും വിക്കറ്റിട്ട് റബാഡ ടൂർണമെന്‍റിലെ ആദ്യ ഹാട്രിക്കും, മത്സരവും കൈപ്പിടിയിലാക്കി.

ക്രിസ് വോക്‌സ്(7) ഓയിൻ മോർഗൻ(17) ക്രിസ് ജോർദാൻ എന്നിവരാണ് പുറത്തായത്. അവസാന മൂന്ന് പന്തുകളിൽ മൂന്ന് റണ്‍സ് മാത്രമേ ഇംഗ്ലണ്ടിന് നേടാനായുള്ളു. ഇതോടെ വിജയം ദക്ഷിണാഫ്രിക്കക്കൊപ്പമായി. ദക്ഷിണാഫ്രിക്കക്കായി കാസിഗോ റബാഡ മൂന്നും, തബ്റൈസ് ഷംസി, ഡ്വയ്‌നി പ്രിട്ടോറിയസ് എന്നിവർ രണ്ട്‌ വീക്കറ്റ്‌ വീതം വീഴ്‌ത്തി.

ALSO READ :ആദ്യം മൂന്നടിച്ച് ബാഴ്‌സ, പിന്നെ മൂന്നും തിരിച്ചടിച്ച് സെല്‍റ്റ വിഗോ.. ഒടുവില്‍ സമനില

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക റാസി വാൻ ഡെർ ഡ്യൂസന്‍റേയും(60 പന്തിൽ94) , ഐഡൻ മാർക്രത്തിന്‍റെയും(25 പന്തിൽ 52) ബാറ്റിങ് മികവിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. റീസ ഹെൻഡ്രിക്‌സ് (2), ക്വിന്‍റൺ ഡി കോക്ക് (34) എന്നീ താരങ്ങളാണ് പുറത്തായത്. ഇംഗ്ലണ്ടിനായി മൊയിൻ അലി, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ABOUT THE AUTHOR

...view details