ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിഷയത്തിലെ ഗുസ്‌തി താരങ്ങളുടെ സമരം താത്‌കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണം ജൂൺ 15-നകം പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നല്‍കിയതായി കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ബജ്‌റംഗ് പുനിയ പറഞ്ഞു.
തങ്ങള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്ന അഭ്യര്‍ഥന കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ജൂൺ 15-നകം നടപടി ഉണ്ടായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ബജ്‌റംഗ് പുനിയ വ്യക്തമാക്കി. ബജ്‌റംഗ് പുനിയയ്‌ക്ക് പുറമെ സാക്ഷി മാലിക്കും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് എന്നിവരാണ് അനുരാഗ് താക്കൂറിന്‍റെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്.
അഞ്ച് മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടു നിന്നത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് മന്ത്രി അനുരാഗ് താക്കൂര്‍ താരങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം സമരത്തില്‍ മുന്‍ നിരയിലുള്ള സാക്ഷി മാലിക് റെയില്‍വേയിലെ തന്‍റെ ജോലിയില്‍ തിരികെ പ്രവേശിച്ചിതിന് പിന്നാലെ ഗുസ്‌തി താരങ്ങള്‍ സമരം അവസാനിപ്പിച്ചുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ജൂണ്‍ മൂന്ന് ശനിയാഴ്‌ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു സാക്ഷി മാലിക് ജോലിയില്‍ തിരികെ പ്രവേശിച്ചത്. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് സാക്ഷി മാലിക് ട്വിറ്ററിലൂടെ രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറില്ല.
നീതിക്കായുള്ള പോരാട്ടത്തില്‍ നിന്നും ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ലെന്നും ഇനി പോവുകയില്ലെന്നുമായിരുന്നു താരം അറിയിച്ചത്. സത്യഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ തന്‍റെ ഉത്തരവാദിത്തം കൂടി താന്‍ നിര്‍വഹിക്കുകയാണ്. നീതി ലഭിക്കും വരെ തങ്ങളുടെ പോരാട്ടം തുടരും. ജോലി ഉപേക്ഷിക്കാന്‍ പത്ത് സെക്കന്‍ഡ് പോലും ആവശ്യമില്ലെന്നും സാക്ഷി മാലിക് വ്യക്തമാക്കുകയും ചെയ്‌തു.
സാക്ഷിയെ കൂടാതെ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്. രാത്രി 11 മണിയോടെ ആരംഭിച്ച ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളമാണ് നീണ്ടു നിന്നത്. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയില്‍ സാധാരണ സംഭാഷണമാണ് നടന്നതെന്നും സാക്ഷി മാലിക് അറിയിച്ചിരുന്നു. ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും താരം പറഞ്ഞിരുന്നു.
അതേസമയം മെയ് 28-ന് പുതിയ പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഗുസ്‌തി താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്‌ടിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്‌തു. ഈ കേസ് പിന്‍വലിക്കുമെന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.