റൂർക്കേല (ഒഡിഷ) : ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമെന്ന അംഗീകാരം ഒഡിഷ റൂർക്കേലയിലെ ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയത്തിന്. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) ഈ അംഗീകാരം നല്‍കിയത്. ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനിയായ ബിർസ മുണ്ടയുടെ പേരിലുള്ള സ്‌റ്റേഡിയം ഹോക്കി ലോകകപ്പിനെ മുന്നില്‍ക്കണ്ട് 15 മാസം കൊണ്ടാണ് നിര്‍മിച്ചത്. മാത്രമല്ല ലോകകപ്പ് വില്ലേജിന്‍റെ നിര്‍മാണത്തിന് ഒമ്പത് മാസം മാത്രമാണെടുത്തത്.
എല്ലാവരെയും പരിഗണിച്ച്: ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഉള്‍പ്പടെ അതിനൂതനമായാണ് ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇത്തവണത്തെ ഹോക്കി ലോകകപ്പിലെ ഇരുപത് മത്സരങ്ങൾ നടക്കുന്നതും ഇവിടെ വച്ചാണ്. ശാരീരിക വൈകല്യം നേരിടുന്ന ഹോക്കി ആരാധകരെ ഒന്നാം നിരയിലെ സ്‌റ്റാൻഡിലേക്കെത്തിക്കുന്നതിനായി ലിഫ്റ്റിലേക്ക് നയിക്കുന്ന റാമ്പ് നിർമിച്ചതുള്‍പ്പടെ ക്രമീകരണം കൂടുതൽ ഭിന്നശേഷി സൗഹാർദ്ദപരമാക്കിയിട്ടുമുണ്ട്. മാത്രമല്ല ഭിന്നശേഷിക്കാർക്ക് ഏത് ഗേറ്റ് മാര്‍ഗവും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്നും സ്‌റ്റേഡിയത്തിൽ അവർക്കായി 100 സീറ്റുകൾ പ്രത്യേകം നീക്കിവച്ചിട്ടുണ്ടെന്നും ഒഡിഷ സ്‌പോർട്‌സ് സെക്രട്ടറി ആർ.വിനീൽ കൃഷ്ണ അറിയിച്ചു.