പാരീസ്: ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണല്‍ മെസി പാരീസില്‍ തിരികെയെത്തി. മെസി മടങ്ങിയെത്തിയതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പിഎസ്‌ജി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് പരിശീലനത്തിനിറങ്ങിയ താരത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്.
എന്നാല്‍ താരത്തിന് ഏതുതരത്തിലുള്ള സ്വീകരണമാണ് പിഎസ്‌ജി ഒരുക്കുകയെന്ന ആകാംഷയിലാണ് ആരാധകര്‍. കാരണം ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ അര്‍ജന്‍റീന കിരീടം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നെങ്കിലും ക്ലബ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
തങ്ങളുടെ രാജ്യത്തെ പരാജയപ്പെടുത്തി മെസിയും സംഘവും നേടിയ ലോകകപ്പ് പാരീസില്‍ പ്രദര്‍ശിപ്പിക്കുന്നത് ആരാധകര്‍ക്ക് ഇഷ്‌ടപ്പെടില്ലെന്ന് പിഎസ്‌ജി ഭയക്കുന്നതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ലോകകപ്പ് ഇടവേള കഴിഞ്ഞ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ശേഷം മാത്രമേ പാരീസിലേക്ക് മടങ്ങിയെത്തൂവെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.