ഖത്തർ: ഖത്തർ ലോകകപ്പിൽ സെനഗലിന്‍റെ സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് സൂപ്പർ താരം സാദിയോ മാനെ പരിക്കേറ്റ് പുറത്തായത്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇപ്പോൾ മാനെ ഇല്ലാത്ത ലോകകപ്പ് ദരിദ്രമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ലിവർപൂളിലെ മാനെയുടെ മുൻ സഹതാരവും നെതർലൻഡ്‌സ് ക്യാപ്‌റ്റനുമായ വാൻ ഡിക്.
'ഞങ്ങൾക്കെതിരായ മത്സരം സാദിയോയ്ക്ക് നഷ്‌ടമായതിൽ ഞാൻ ഖേദിക്കുന്നു, കാരണം ഈ ലോകകപ്പ് മികച്ച കളിക്കാരെ അർഹിക്കുന്നു, സാദിയോ അവരിൽ ഒരാളാണ്. സാദിയോ ലോകോത്തര താരമാണ്. അവൻ എന്‍റെ സുഹൃത്താണ്, ഞാൻ അവനെ മിസ് ചെയ്യും', വാൻ ഡിക് പറഞ്ഞു. അടുത്ത തിങ്കളാഴ്‌ച ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ആണ് സെനഗലിന്‍റെ എതിരാളി.
ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വെര്‍ഡന്‍ ബ്രെമിനെതിരെ കളിക്കുന്നതിനിടെയാണ് സാദിയോ മാനെക്ക് പരിക്കേറ്റത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് അന്ന് മത്സരത്തിന്‍റെ 20-ാം മിനിട്ടില്‍ തന്നെ താരം മൈതാനം വിട്ടിരുന്നു. എന്നാൽ പരിക്കേറ്റിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്‌ച പ്രഖ്യാപിച്ച ലോകകപ്പിനുള്ള സെനഗലിന്‍റെ 26 അംഗ സ്ക്വാഡില്‍ മാനെയേയും പരിശീലകന്‍ അലിയോ സിസ്സേ ഉള്‍പ്പെടുത്തിയിരുന്നു.