ന്യൂഡല്‍ഹി:ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ തങ്കത്തിളക്കത്തിലാണ് ഇന്ത്യയുടെ അഭിമാന താരം സവീറ്റി ബൂറ. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തിലാണ് സവീറ്റി ബൂറ സ്വര്‍ണം ഇടിച്ചിട്ടത്. വാശിയേറിയ പോരാട്ടത്തില്‍ ചൈനയുടെ വാങ് ലിനയെയാണ് സവീറ്റി ബൂറ തോല്‍പ്പിച്ചത്.
ഇതോടെ അന്താരാഷ്‌ട്ര തലത്തില്‍ ഒരു മെഡലിനായുള്ള 30കാരിയുടെ ഒമ്പത് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനാണ് അറുതിയായത്. 2014ലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെഡല്‍ നേടി രാജ്യത്തിന്‍റെ പ്രതീക്ഷ കാത്ത സവീറ്റിയ്‌ക്ക് പിന്നീട് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ബോക്‌സിങ് ലോകത്ത് നിന്നും വിട പറഞ്ഞ താരം കബഡിയിലേക്ക് ചുവടുമാറ്റിയിരുന്നു. ഒടുവില്‍ അടങ്ങാത്ത അഭിനിവേശത്താലാണ് താരം ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ കണ്ണീരണിഞ്ഞുകൊണ്ടാണ് സവീറ്റി ബൂറ തന്‍റെ തിരിച്ചുവരവിന്‍റെ കഥ പറഞ്ഞത്. 2014ല്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ സവീറ്റി വെള്ളി മെഡലണിഞ്ഞിരുന്നു. എന്നാല്‍ തന്‍റെ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന താരത്തിന് ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ നഷ്‌ടമായി. ഇതോടെ ബോക്‌സിങ്ങില്‍ ഇനി തനിക്കൊരു ഭാവിയില്ലെന്ന ചിന്തയിലേക്ക് താന്‍ എത്തിച്ചേരുകായയിരുന്നുവെന്നാണ് സവീറ്റി പറഞ്ഞത്.
കൊവിഡ് കാലത്ത് ബോക്‌സിങ്ങില്‍ നിന്നതോടെയാണ് കബഡിയില്‍ പരിശീലനം നടത്തിയെന്ന് പറയുമ്പോള്‍ താരത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. "ബോക്‌സിങ്ങില്‍ നിന്നും മാറി നില്‍ക്കുകയെന്ന ചിന്ത എന്‍റെ മനസില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ഏറെ തളര്‍ന്നിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നുവത്.
എന്‍റെ ആദ്യ പ്രണയം ബോക്‌സിങ്ങാണ്. എന്‍റെ ജീവിതവും എന്‍റെ അഭിനിവേശവും ബോക്‌സിങ്ങാണ്. ബോക്‌സിങ് അവസാനിപ്പിക്കുകയെന്ന തീരുമാനം ഏറെ പ്രയാസമായിരുന്നു". സവീറ്റി ബൂറ പറഞ്ഞു.
ബോക്‌സിങ് മറക്കാന്‍ കഠിന പരിശീലനം: ബോക്‌സിങ് മറക്കാനായി കബഡിയില്‍ 12 മണിക്കൂറിലേറെ പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് താരം പറഞ്ഞത്. കബഡി താരമായിരുന്ന ഭര്‍ത്താവിന് കീഴിലായിരുന്നു തന്‍റെ പരിശീലനമെന്നും സവീറ്റി ബൂറ കൂട്ടിച്ചേര്‍ത്തു.